വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നപ്പോഴാണ് വൻ തുകയുടെ ചെക്ക് കണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്.
ക്ഷേത്രഭാരവാഹികൾ ഉടൻ തന്നെ ചെക്ക് മാറ്റുന്നതിനായി അടുത്തുള്ള ബാങ്കിലേക്ക് പോയതോടെ കഥ മാറിമറിഞ്ഞു. അക്കൗണ്ടിൽ ബാലൻസ് വെറും 17 രൂപ മാത്രമായിരുന്നു.
ഭക്തന്റെ നൂറ് കോടിയുടെ ചെക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബോധപൂർവം കബളിപ്പിക്കാൻ ശ്രമം നടന്നതായി ബോധ്യപ്പെട്ടാൽ ഇയാൾക്കെതിരെ കേസെടുക്കും.