ക്ഷേത്രത്തിലെ തിരുവാഭരണത്തിനു പകരം ദേവിക്ക് ചാര്‍ത്താനായി മുക്കുപണ്ടം കൊണ്ടുവന്ന് കബളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ. കൊല്ലം ചവറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നീണ്ടകര വടക്ക് 482-ാംനമ്പര്‍ എസ്.എന്‍.ഡി.പി.ശാഖയുടെ മണ്ണാത്തറ ദേവീക്ഷേത്രത്തിലെ സെക്രട്ടറി പുത്തന്‍തുറ വളവില്‍ വീട്ടില്‍ ജിജോ(42)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവരാത്രിക്ക് ദേവിക്ക് ചാര്‍ത്തുന്ന 42 പവന്‍ തൂക്കംവരുന്ന സ്വര്‍ണത്തിരുവാഭരണത്തിനു പകരം അതേ രീതിയിലുള്ള മുക്കുപണ്ടം ക്ഷേത്രത്തിലെത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി ആഭരണങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞ് ജിജോ ഒഴിഞ്ഞുമാറുകയായിരുന്നു
ഒടുവില്‍ ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണത്തില്‍ നിറവ്യത്യാസം കണ്ടെത്തിയ മേല്‍ശാന്തി വിശ്വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് മറ്റ് ഭാരവാഹികളും വിശ്വാസികളും ക്ഷേത്രത്തിലെത്തി ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതിനിടെ ജിജോ ഒളിവില്‍പ്പോകുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.
വിശ്വാസികളുടെ പരാതിയില്‍ കേസെടുത്ത് ചവറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊട്ടാരക്കരയില്‍ നിന്ന് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ബിജു, എസ്.സി.പി.ഒ. അനില്‍, സി.പി.ഒ.മാരായ വൈശാഖ്, രീതഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. ജിജോ മാറ്റിയ സ്വര്‍ണാഭരണത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ ആഭരണം കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.