തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടില്‍ സന്ദര്‍ശിച്ച്‌ നാഗാര്‍ജുനയും ഭാര്യ അമല അക്കിനേനിയും

Cinema

ഹൈദരാബാദ്: പുതിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടില്‍ സന്ദര്‍ശിച്ച്‌ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം നാഗാര്‍ജുനയും ഭാര്യയും നടിയുമായ അമല അക്കിനേനിയും.ശനിയാഴ്ചയായിരുന്നു സന്ദര്‍ശനം. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

പുതിയ ചിത്രം ‘നാ സാമി രംഗ’യുടെ തിരക്കുകളിലാണ് നാഗാര്‍ജുന. താരത്തിന്റെ 99ാമത്തെ സിനിമയാണിത്. ജോഷി സംവിധാനം ചെയ്ത് 2019ല്‍ റിലീസായ പൊറിഞ്ചു മറിയം ജോസ് എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണിത്. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്ബൻ വിനോദ് ജോസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം കേരള ബോക്സോഫിസില്‍ വന്‍ വിജയമായിരുന്നു.

നാഗാര്‍‌ജുന ജോജുവിന് പകരം പ്രധാന വേഷത്തില്‍ എത്തുമ്ബോള്‍ ചെമ്ബന്‍ വിനോദിന്‍റെ വേഷം അല്ലാരി നരേഷ് ചെയ്യുന്നു. ആഷിക രംഗനാഥാണ് നായിക. രുക്ഷാര്‍ ധില്ലൻ, മിര്‍ണ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രസന്ന കുമാര്‍ ബെസവാഡയുടെ തിരക്കഥയില്‍ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എം.എം കീരവാണിയാണ്.

സുരേഷ് ഗോപി നായകനായ ‘എന്റെ സൂര്യപുത്രിക്ക്’, മോഹൻലാല്‍ നായകനായ ‘ഉള്ളടക്കം’ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് അമല. മഞ്ജുവാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ ‘c/o സൈറ ബാനു’ എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇരുവരുടെയും മകൻ അഖില്‍ അക്കിനേനി തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *