ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പത് മുതല്‍ ഇത് വരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പിടിച്ചെടുത്തത് 300 കോടി രൂപ മൂല്യം വരുന്ന പണവും സ്വര്‍ണ്ണവും മദ്യവും. 105.58 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.
220.6 കിലോ സ്വര്‍ണം, 894.5 വെള്ളി, 145.6 കോടി രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, 13.58 കോടി രൂപയുടെ മദ്യം, 15.23 കോടി രൂപയുടെ കഞ്ചാവ്, 26.93 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ മൂന്നിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 119 സീറ്റുകളില്‍ 115 എണ്ണത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബിആര്‍എസ് ആഗസ്റ്റില്‍ തന്നെ പ്രചാരണം ആരംഭിച്ചു. 95-105 സീറ്റ് വരെ കിട്ടുമെന്നാണ് ബിആര്‍എസ് പ്രതീക്ഷ. മറുവശത്ത് കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍.
കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമ്പോള്‍ ഭരണകക്ഷിയായ ബിആര്‍സ് 43 മുതല്‍ 55 സീറ്റുകള്‍ വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 11വരെ സീറ്റുകള്‍ നേടാമെന്നാണ് സര്‍വ്വേ ഫലം.