ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങളാണ് ചെന്നൈയിലെ പലയിടങ്ങളിലും വിതച്ചത്.നിരവധി ആളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിലായത്. കെടുതിയില്‍ നിന്നും മെല്ലെ കര കയറുന്ന ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് നടൻ ശിവകാര്‍ത്തികേയൻ. തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസമാണ് ശിവ കാര്‍ത്തികേയൻ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ സന്ദര്‍ശിച്ച് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുച്ചേരാനും താരം സന്നദ്ധത പ്രകടിപ്പിച്ചു. സമൂഹ മാദ്ധ്യമായ എക്‌സിലൂടെ മന്ത്രി ഉദയനിധി സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടില്‍ നിരവധി ജീവനുകള്‍ പൊലിയുകയും ആന്ധ്രാപ്രദേശില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളം കയറിയത് ഇറങ്ങി തുടങ്ങിയതിനാല്‍ സ്‌കൂളുകള്‍ തുറക്കാൻ തീരുമാനമായിട്ടുണ്ട്.