തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Breaking

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ 10 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ തിരുനെല്‍വേലി ജില്ലയിലും മൂന്നു പേര്‍ തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ളവരുമാണെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ മാധ്യമങ്ങളെ അറിയിച്ചു.
മഴ കടുത്ത സാഹചര്യത്തില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റര്‍ കൂടി രക്ഷാപ്രവര്‍ത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
മഴയെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ വന്‍ നാശനഷ്ടമുണ്ടായെന്നും കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 7,300 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ദുരിതബാധിതരായ ജില്ലകളിലെ ഓരോ ഓരോ കുടുംബത്തിനും 6,000 രൂപ വീതമുള്ള ദുരിതാശ്വാസ വിതരണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് പൂര്‍ണമായും അനുവദിച്ചാല്‍ മാത്രമേ പൂര്‍ണമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ജില്ലകളിലെ നാശനഷ്ടങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇന്ന് രാത്രി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ അറിയിച്ചു.
തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത തെക്കന്‍ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സികളുടെയും സായുധ സേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഒരു അവലോകന യോഗം ചേര്‍ന്നു. ഏകോപനത്തിലെ തകരാറും ദുരിതബാധിത ജില്ലകളിലെ സ്ഥിതിഗതികളെക്കുറിച്ചുളള അപര്യാപ്തമായ വിലയിരുത്തലും കാരണം സൈനിക വിന്യാസത്തിന് എവിടെ മുന്‍ഗണന നല്‍കണമെന്നതില്‍ വ്യക്തതയില്ലെന്ന് രാജ്ഭവനില്‍ നടന്ന അവലോകന യോഗത്തില്‍ ചില സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *