സ്വിഫ്റ്റിന് 113 ഇ-ബസുകള്‍ കൂടി; ഹരിത നഗരമാകാന്‍ ഒരു ചുവടുകൂടി വെച്ച്‌ തലസ്ഥാനനഗരി

Kerala

തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്‌സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്‌ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകള്‍ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും.ബാക്കി ബസുകള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവില്‍ 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആര്‍.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ പിൻവലിച്ചു നഗരത്തില്‍ മുഴുവൻ ഇ-ബസുകള്‍ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച്‌ ഹരിത നഗരമാക്കി ആധുനികവല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫ് ധനമന്ത്രി കെ.എം ബാലഗോപാല്‍ ചടങ്ങില്‍ നിര്‍വഹിക്കും. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോല്‍ദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിക്കും. സര്‍ക്കുലര്‍ സര്‍വീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാര്‍ഗദര്‍ശി-യുടെ പ്രകാശനം ശശി തരൂര്‍ എം.പിയും നിര്‍വഹിക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകള്‍ തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ ഓടുക. വിജയം കണ്ടാല്‍ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സര്‍വീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബര്‍ത്തുകളുമാണ് ബസിലുള്ളത്.60 ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടും.

മാര്‍ഗദര്‍ശി ആപ്പ് വഴി ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, അമിത വേഗത ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തല്‍സമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആര്‍.ടി.സി’ നീയോ ബീറ്റാ വേര്‍ഷന്റെ റിലീസും പ്രകാശനവും നടക്കും.

മെട്രോ സ്റ്റേഷൻ, വിമാനത്താവളങ്ങളിലേതിനു സമാനമായി ബസ് സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ തല്‍സമയം അറിയിക്കുന്ന പബ്ലിക് അഡ്രസ് (പി.എ) സിസ്റ്റം ബോര്‍ഡുകള്‍ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒരുങ്ങുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *