സുരേഷ് ഗോപിയുടെ മകളുടെ വിവാഹം പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാല്‍ 12 വിവാഹങ്ങള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം

Breaking Kerala

തൃശൂര്‍: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു എന്ന കാരണം പറഞ്ഞ് അന്നേദിവസം നടക്കേണ്ടിയിരുന്ന 12 വിവാഹങ്ങള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്.പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പേ മുഹൂര്‍ത്തം നിശ്ചയിച്ച്‌ ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ക്ഷണിച്ച്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ 12 പെണ്‍കുട്ടികളുടെ വിവാഹം മാറ്റിവെക്കേണ്ടിവരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.

ജനുവരി 17ന് രാവിലെ 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിട്ടുള്ളത്. രാവിലെ എട്ട് മണിക്കും 9.15നും ഇടയില്‍ നടത്തേണ്ട വിവാഹങ്ങളെല്ലാം മാറ്റിവെക്കേണ്ടിവരും. അന്നേദിവസം 64 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്തേണ്ടത്. ഈ വിവാഹങ്ങള്‍ക്കായി നേരത്തെ ഹോട്ടലുകള്‍ ബുക്ക് ചെയ്തവരെല്ലാം ആശങ്കയിലാണ്. ഓരോ വിവാഹത്തിലും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.

ഇതിനുപുറമെ അന്നേ ദിവസം ഗുരുവായൂരില്‍ നിശ്ചയിച്ചിട്ടുള്ള തുലാഭാരവും കുട്ടികളുടെ ചോറൂണും മാറ്റിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കുന്ന എസ്പിജി കടുത്ത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി വരുന്ന സമയം മുതല്‍ മടങ്ങുന്ന സമയം വരെ നാല് മണിക്കൂറോളം മറ്റുള്ളവര്‍ക്ക് ക്ഷേത്രത്തിലേക്കും പരിസരത്തേക്കും ഉള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി പാസ് നേടിയ ആളുകള്‍ക്ക് മാത്രമേ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്നും എസ്.പി.ജി അറിയിച്ചു.

വിവാഹങ്ങളില്‍ പങ്കെടുക്കാനായി വിദേശങ്ങളില്‍ നിന്നും എത്തിയവരുള്‍പ്പെടെ ഇപ്പോള്‍ ആശങ്കയിലാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം വിവാഹം മുടക്കുന്നത് അന്യായമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 20 നടക്കുന്ന വിവാഹ വിരുന്നിലാകും സെലിബ്രിറ്റികളെല്ലാമെത്തുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിനാലുമാണ് പ്രധാനമന്ത്രി വിവാഹത്തിനെത്തുന്നതെന്നത് വ്യക്തമാണ്. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി മറ്റു പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് ഇടതുപ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *