ലൂര്‍ദ് മാതാവിന് സുരേഷ്ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം താഴെ വീണ് പൊട്ടി: പരിഹസിച്ച് സമൂഹ മാധ്യമങ്ങള്‍

Breaking Kerala

തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെ മാതാവിന്റെ രൂപത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം താഴെ വീണ് പൊട്ടിയതില്‍ പരിഹാസവുമായി സമൂഹ മാധ്യമങ്ങള്‍.കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മകളുടെ വിവാഹത്തിന് മുമ്ബായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി അറിയിച്ചത്. ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും പള്ളിയില്‍ എത്തിയിരുന്നു.

കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായുള്ള നാടകമാണിതെന്നും മണിപ്പൂരിലെ രക്തക്കറയില്‍ മാതാവിന്റെ പ്രതികരണമാണെന്നുമെല്ലാം ആക്ഷേപമുയര്‍ന്നു. സുരേഷ് ഗോപിയുടെ ജന്മനാട്ടിലോ വളര്‍ന്ന നാട്ടിലോ പുണ്യാളന്മാര്‍ക്കൊന്നും സ്വര്‍ണ കിരീടം ചേരില്ലേയെന്നും ചോദ്യങ്ങളുയര്‍ന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്ന് രാവിലെ ഏഴിനും ഒമ്ബതിനും ഇടയില്‍ ഗുരുവായൂരില്‍ നടക്കേണ്ട വിവാഹങ്ങള്‍ മാറ്റിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സുരേഷ് ഗോപി-രാധിക ദമ്ബതികളുടെ മൂത്ത മകളാണ് ഭാഗ്യ.

Leave a Reply

Your email address will not be published. Required fields are marked *