ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിക്ക് മാനസിക ആഘാതത്തില്‍ നിന്നും കരകയറാൻ ലീഗല്‍ സര്‍വീസസ് അഥോറിറ്റികള്‍ പരിശീലനം നേടിയ കൗണ്‍സിലറുടെയോ മനഃശാസ്ത്രജ്ഞരുടെയോ സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
സാമൂഹിക സാഹചര്യങ്ങള്‍ ഇരയുടെ പുനരധിവാസത്തിന് അനുകൂലമാകണമെന്നില്ലെന്ന കാര്യം ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക പീഡനത്തിന്റെ കാര്യത്തില്‍ സാമ്ബത്തിക സഹായം മാത്രം മതിയാകില്ല. കേന്ദ്ര സര്‍ക്കാറിന്റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ കാമ്ബയിനില്‍ ഇത്തരം പെണ്‍കുട്ടികളുടെ പുനരധിവാസവും ഉള്‍പ്പെടുത്തണം.
പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളുടെ ജീവപര്യന്തം തടവ് 12 വര്‍ഷമാക്കി കുറച്ച രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാജസ്ഥാൻ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കവെയാണ് കോടതി ഈ കാര്യങ്ങള്‍ പറഞ്ഞത്. കുറ്റവാളി ഇളവില്ലാതെ 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് ഉന്നത കോടതി വിധിച്ചു. വിധിയുടെ തലക്കെട്ടില്‍ കുറ്റവാളിയുടെ ജാതി സൂചിപ്പിച്ച കാര്യം കോടതിയുടെ ശ്രദ്ധയി?ല്‍പെട്ടു. ജാതി, മതം തുടങ്ങിയ കാര്യങ്ങള്‍ തലക്കെട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചു.