സംസ്ഥാനത്ത് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില നവകേരള സദസ്സിനുശേഷം മാത്രമേ വര്‍ധിക്കൂ എന്ന് സൂചന.അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായെങ്കിലും നവകേരള സദസ്സിനുശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് ധാരണയായതായാണ് സൂചന.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. അതിനാലാണ് വിലവര്‍ധന കുറച്ചുദിവസത്തേക്ക് നീട്ടിയത്. പുതിയ വിലയും അത് വര്‍ധിപ്പിക്കേണ്ട സമയവും സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രി ജി ആര്‍ അനിലിനെ ചുമതലപ്പെടുത്തി.
13 അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടാമെന്നാണ് എല്‍ ഡി എഫ് യോഗത്തില്‍ തത്വത്തില്‍ അംഗീകാരമായത്. ചെറുപയര്‍, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി,വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്ക് വില കൂടും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്.