സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്.സിയുടെ ജേഴ്സി നാളെ അവതരിപ്പിക്കും

Sports

കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബോള്‍ ടീമായ കാലിക്കറ്റ് എഫ്സിയുടെ ജേഴ്സി ഇന്ന് (ആഗസ്റ്റ് 10 ശനി) അവതരിപ്പിക്കും. കോഴിക്കോട് നഗരത്തിൽ നടക്കുന്ന ചടങ്ങിലാണ് സൂപ്പര്‍ ലീഗ് കേരള(എസ്എ കെ)യ്ക്കായുള്ള കാലിക്കറ്റ് എഫ്സിയുടെ ജേഴ്സികള്‍ പുറത്തിറക്കുക. ടീമിന്‍റെ ഹോം മത്സരങ്ങള്‍, എവേ മത്സരങ്ങള്‍, പരിശീലന മത്സരങ്ങള്‍ എന്നിവയ്ക്കുള്ള മൂന്ന് ജേഴ്സികളും അവതരിപ്പിക്കും.

ഇന്ന് വൈകിട്ട് 5.30 മുത ഹിലൈറ്റ് മാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക പരിപാടികള്‍, മ്യൂസിക് ബാന്‍ഡ്, ലക്കി ഡിപ്പുകള്‍, ഡിജിറ്റൽ പ്രൊജക്ഷനുകള്‍, കോണ്ടസ്റ്റുകള്‍ എന്നിവ നടക്കും. മത്സരങ്ങളിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നൽകും.കാലിക്കറ്റ് എഫ്സിയുടെ മുഖ്യ പരിശീലകനും രാജ്യാന്തര തലത്തിൽ പ്രശസ്തനുമായ ഇയാന്‍ ആന്‍ഡ്രൂ ഗില്ലനും പ്രധാന ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആഗസ്റ്റ് 24ന് കോഴിക്കോട് ബീച്ചിലാണ് കാലിക്കറ്റ് എഫ്സിയുടെ മെഗാ ടീം ലോഞ്ച് നടക്കുക.

രാജ്യത്ത് ഏറ്റവുമധികം ഫുട്ബോള്‍ ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും ഇവിടത്തെ ഫുട്ബോള്‍ ആവേശത്തിന്‍റെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്നും കാലിക്കറ്റ് എഫ്സി ടീം ഉടമ വി.കെ മാത്യൂസ് പറഞ്ഞു. ഈ നഗരത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീമാണ് കാലിക്കറ്റ് എഫ്.സി. ഫുട്ബോള്‍ പ്രേമികളായ കോഴിക്കോട്ടുകാര്‍ക്ക് മുന്നിൽ പുതുതായി ഡിസൈന്‍ ചെയ്ത കാലിക്കറ്റ് എഫ്സിയുടെ ജേഴ്സി അവതരിപ്പിക്കും. ഈ ആസ്വാദ്യകരമായ സായാഹ്നത്തിന്‍റെ ഭാഗമാകാന്‍ കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകരെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5000 ജീവനക്കാരുള്ള മുന്‍നിര ആഗോള ഏവിയേഷന്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് വി.കെ മാത്യൂസ്.സെപ്റ്റംബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്‍റ് ആരംഭിക്കുക. ഒന്നരക്കോടി രൂപയാണ് ടൂര്‍ണമെന്‍റിലെ സമ്മാനത്തുക. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള 6 ടീമുകള്‍ മത്സരിക്കും.

ലീഗ് ഘട്ടത്തിൽ 30 മത്സരങ്ങളാണുള്ളത്. നാല് ടീമുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ആറ് വിദേശ താരങ്ങളും ഒമ്പത് ദേശീയ താരങ്ങളും കേരളത്തിൽ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്സി ടീമിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക. എവേ മത്സരങ്ങള്‍ മറ്റ് ടീമുകളുടെ നഗരങ്ങളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *