കുമരകം : വേറിട്ട പേരുമായി കുമരകത്ത് എത്തി മാതൃകാപരമായി വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ച കുമരകത്തിന്റെ ജനകീയ കൃഷി ഓഫീസര്‍ക്ക് സ്ഥലം മാറ്റം. കുമരകം കൃഷി ഓഫീസര്‍ ബി.സുനാലാണ് ബുധനാഴ്ച യാത്രപറയുന്നത്. പാടത്തെ ചെളിയിലിറങ്ങി ഞങ്ങളിലൊരാളായി നിന്നയാളാണ് , ‘ എനിക്ക് അദ്ദേഹം സാറല്ല കൂടെപ്പിറന്ന സഹോദരനാണ് ‘ കുമരകം കൃഷിഭവനിലെ കൃഷി ഓഫീസറെ കുറിച്ചുള്ള കര്‍ഷകരുടെ വാക്കുകളാണിത്. അദ്ദേഹം ഇവിടെ തന്നെ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം അതുകൊണ്ട് തന്നെ യാത്ര പറയാന്‍ പറ്റുന്നില്ലെന്നും കര്‍ഷകയായ സുജാത സുകുമാരന്‍ പത്തിന്റെമട പറയുന്നു. സ്വദേശമായ തിരുവന്തപുരത്തേയ്ക്കാണ് ജനകീയ കൃഷി ഓഫീസര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച കുമരകത്ത് നിന്നും റിലീവ് ചെയ്യുന്ന ബി.സുനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ തിരുവന്തപുരം പോത്തന്‍കോട് കൃഷിഭവനില്‍ ജോലിയില്‍ പ്രവേശിക്കും.
കാര്‍ഷിക ഗ്രാമമെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന കുമരകത്ത് ടൂറിസത്തിന്റെ വരവോടെ ഏക്കറുകണക്കിന് പാടശേഖരങ്ങള്‍ തരിശായും ഒറ്റ കൃഷിയുമായി മാറിയിരുന്നു. അമ്‌ളാംശം ഉണ്ടെങ്കിലും പച്ചക്കറികള്‍ക്ക് നല്ല മണ്ണാണെങ്കിലും ആരും തന്നെ അത് ചെയ്യാത്ത സാഹചര്യത്തിലാണ് ബി. സുനാല്‍ 2019 നവമ്പറില്‍ കുമരകം കൃഷി ഓഫീസറായി ചുമതലയേല്‍ക്കുന്നത്. പിന്നിട്ട നാല് വര്‍ഷം കൊണ്ട് നിരവധിയായ നേട്ടങ്ങളാണ് കുമരകത്തെ കാര്‍ഷിക മേഖല കൈവരിച്ചത്. അമ്‌ളാംശം കൂടുതലായതിനാല്‍ എസ്.എന്‍ കോളേജിന്റെ ഭൂമിയില്‍ കൃഷികള്‍ നടക്കില്ലെന്ന് കാര്‍ഷിക യൂണിവേഴ്‌സിറ്റി എഴുതിയ വിധിയെ തിരുത്തി എഴുതി കോളേജ് തലത്തില്‍ ഏറ്റവും മികച്ച കൃഷിക്കുള്ള കൃഷി വകുപ്പിന്റെ ജില്ലാതല അംഗീകാരം കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്തത് ബി.സുനാലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്.
ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കൃഷി ഓഫീസര്‍ എന്ന നിലയിലേയ്ക്ക് വളരുമ്പോഴും ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും നിരവധിയായ കുപ്രചരണങ്ങളും പഴിവാങ്ങലുകളും ഏറ്റുവാങ്ങേണ്ടിയ ദുരവസ്ഥയും ഇദ്ദേഹത്തിന് ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു. പുതുതായി വരുന്നവര്‍ ഈ നേട്ടങ്ങള്‍ സംരക്ഷിക്കണമെന്നും കാര്‍ഷക മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നു.
ബിഎസ്സി സുവോളജി ബിരുദധാരിയായ ബി.സുനാല്‍ 2000 വര്‍ഷത്തിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നിട്ട 23 വര്‍ഷത്തെ ഔദ്യോഗിക ജീവതത്തില്‍ ഏറ്റവും മികച്ച കൃഷി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കൃഷി വകുപ്പിന്റെ ആറ് ജില്ലാ അവാര്‍ഡുകളും ഒരു സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ കേരളകൗമുദി , കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ , വിവിധ കാര്‍ഷിക സംഘങ്ങള്‍ തുടങ്ങിയവരുടെ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
സുനാല്‍ വര്‍ഷങ്ങളിലെ ചില നേട്ടങ്ങള്‍ :
* ഒരു കൃഷി മാത്രം ചെയ്തിരുന്ന 1000 ഏക്കര്‍ പാടശേഖരം രണ്ട് കൃഷിയ്ക്ക് പ്രാപ്തമാക്കി മികച്ച വിളവ് നേടിയെടുക്കാന്‍ കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
* തരിശായി കിടന്നിരുന്ന 240 ഏക്കറോളം ഭൂമി വൃത്തിയാക്കി പച്ചക്കറി കൃഷി വിജയകരമാക്കി.
* ജനകീയാസൂത്രണപദ്ധതി പ്രകാരം നാല് വര്‍ഷം കൊണ്ട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചിലവഴിച്ച കൃഷിഭവനായി കുമരകത്തെ ഉയര്‍ത്തി.
* കര്‍ഷരില്‍ നിന്നും നേരിട്ട് സമാഹരിക്കുന്ന പച്ചക്കറിക്ലള്‍ സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് വിപണനം ചെയ്ത് കുമരകത്ത് പച്ചക്കറി ഓണച്ചന്ത വിജയകരമായി നടത്തി. പിന്നിട്ട നാല് വര്‍ഷവും ഇതിന് മുടക്കം വന്നിട്ടില്ല.
* സ്വര്‍ണ്ണമുഖി എന്ന പേരില്‍ 20000 ത്തോളം ഏത്തവാഴ വിത്തുകള്‍ ഗ്രാമത്തിലെ വീടുകളില്‍ വിതരണം ചെയ്തു കൊണ്ട് വാഴകൃഷി വിജയകരമായി നടപ്പിലാക്കി.
* ഗ്രാമത്തിലെ മുഴുവന്‍ വീടുകളെയും കൃഷിയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ്ണ തെങ്ങ് – കുരുമുളക് കൃഷികള്‍ വ്യാപിപ്പിച്ചു.
* കൃഷി വകുപ്പിന്റെ കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷിക കര്‍മ്മ സേന , അഗ്രോസര്‍വ്വീസ് സെന്റര്‍ എന്നിവയെ ജനകീയ പങ്കാളിത്വത്തില്‍ ലാഭത്തിലാക്കി മാറ്റി.
* വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ബോധവല്‍ക്കരണം എന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ , എസ്.എന്‍ കോളേജ് , എസ്.കെ.എം പബ്ലിക്ക് സ്‌കൂള്‍ , എസ്.കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങില്‍ ഗ്രോ – ബാഗ് കൃഷി , പച്ചക്കറി , നെല്ല് തുടങ്ങിയ കൃഷികള്‍ സ്‌കൂള്‍ അധ്യാപകരുടെയും മാനേജുമെന്റുകളുടെയും സഹായത്താല്‍ നടപ്പിലാക്കി.
* വിദ്യാഭ്യാസരംഗത്തെ മികച്ച കൃഷിക്ക് കോളേജ് തലത്തില്‍ കുമരകം എസ്.എന്‍ കോളേജിനും സ്‌കൂള്‍ തലത്തില്‍ കുമരകം എസ്.കെ.എം പബ്ലിക്ക് സ്‌കൂളിനും കൃഷി വകുപ്പിന്റെ ജില്ലാതല അവാര്‍ഡ് കരസ്ഥമാക്കാന്‍ പ്രയക്‌നിച്ചു.
* ആത്മയുമായി ബന്ധിപ്പിച്ചു കൊണ്ട് വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍ മുഖാന്തിരം പച്ചകൃഷി പരിപോഷിപ്പിച്ചു.
കുമരകത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകര്‍ന്ന നാടിന്റെ പ്രിയപ്പെട്ട സുനാല്‍ സാറിന് യാത്രാ മംഗളങ്ങള്‍ നേരുന്നു.