വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണം; നാലു പേര്‍ അറസ്റ്റില്‍

National

മംഗളൂരു: സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണം. ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത മൂഡബിദ്രിയില്‍ ബസ്സ് സ്റ്റോപ്പിലാണ് അക്രമം നടന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് പൊലീസ് നടപടിയുണ്ടായത്. മൂഡബിദ്രി സ്വദേശികളായ എ.പ്രേംകുമാര്‍(24),കെ.അഭിലാഷ്(25),സഞ്ജ്ഹെഗ്ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്.

മൂഡബിദ്രി പ്രാന്ത്യ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ കെ.ഫര്‍ഹാനാണ്(19) അക്രമത്തിന് ഇരയായത്. ബംഗളൂരുവിലേക്ക് ബസ് കാത്തു നില്‍ക്കുകയായിരുന്ന സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ട ഫര്‍ഹാൻ അവരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇത് കണ്ട നാലംഗ സംഘം ഫര്‍ഹാനോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. മുസ് ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെണ്‍കുട്ടികളുമായി എന്താ കാര്യം എന്ന് ചോദിച്ച്‌ മുഖത്തടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പരാതിയില്‍ പറഞ്ഞു. സംഘം കൂടുതല്‍ അക്രമത്തിന് മുതിരുന്നതിനിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ സ്ഥലംവിടുകയായിരുന്നു.

ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ചുമതലയേറ്റതിന് തൊട്ടു പിന്നാലെ മംഗളൂരുവില്‍ ദക്ഷിണ കന്നട, ഉഡുപ്പി,ചിക്കമംഗളൂരു ജില്ലകളിലെ പൊലീസ് അധികാരികളുടെ യോഗം ചേര്‍ന്ന് സദാചാര ഗുണ്ടായിസം, മതവിദ്വേഷ പ്രചാരണം, മയക്കുമരുന്ന് എന്നിവക്കെതിരെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ഉള്ളാള്‍ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സദാചാര ഗുണ്ടകള്‍ അക്രമിച്ച സംഭവമായിരുന്നു ഇതിന്റെ പശ്ചാത്തലം. സ്ക്വാഡ് ആസ്ഥാനമായ മംഗളൂരു സിറ്റി പോലീസ് പരിധിയില്‍ ഉള്‍പ്പെടെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പതിനൊന്നാമത് സദാചാര ഗുണ്ടാ ആക്രമണമാണ് മൂഡബിദ്രിയില്‍ നടന്നത്.

ഹിന്ദു യാത്രക്കാരിയുമായി അവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവുകയായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ മംഗളൂരു ഉജ്റെ സ്വദേശി മുഹമ്മദ് ആഷിഖിനെ(23) അക്രമിച്ച കേസില്‍ മൂന്ന് സദാചാര ഗുണ്ടകളെ നേരത്തെ ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധര്‍മ്മസ്ഥല സ്വദേശികളായ എ.എം.അവിനാഷ്(26), കെ.നന്ദീപ്(20),ഉപ്പിനങ്ങാടിയിലെ വി.അക്ഷത്(22) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവിലെ നാല് ഡോക്ടര്‍മാരും രണ്ടു വനിത പ്രഫസര്‍മാരും സഞ്ചരിച്ച കാര്‍ തടഞ്ഞ് മതം ചോദിച്ച്‌ അധിക്ഷേപിച്ച സംഭവത്തില്‍ സന്തോഷ് നന്ദലികെ(32), കാര്‍ത്തിക് പൂജാരി (30), സുനില്‍ മല്ല്യ മിയാര്‍(35), സന്ദീപ് പൂജാരി മിയാര്‍(33), സുജിത് സഫലിഗ തെല്ലരു(31)എന്നീ ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരെ കാര്‍വാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മംഗളൂരുവിലെ വെബ് പത്രം റിപോര്‍ട്ടര്‍ അഭിജിത്ത് സദാചാര ഗുണ്ട അക്രമത്തിന് ഇരയായ കേസില്‍ കൊടെകരുവിലെ സി.ചേതൻ(37),യെയ്യാദിയിലെ കെ.നവീൻ(43)) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാള്‍ ഡി.വൈ.എസ്.പി ഓഫീസിലെ ഇൻസ്പെക്ടര്‍ കുമാര്‍ ഹനുമന്തപ്പ മുസ്‌ലിം ആണെന്ന് കരുതി ഭാര്യയുമായി നടന്നു പോയ അദ്ദേഹത്തെ അക്രമിച്ച സംഭവത്തില്‍ മംഗളൂരു തുംബെ സ്വദേശികളായ എം.മനീഷ് പൂജാരി(29),കെ.എം. മഞ്ചുനാഥ് ആചാര്യ(32) എന്നിവരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *