തൃശൂർ: തളിക്കുളം മുറ്റിച്ചൂരിൽ വയോധികന് നേരെ തെരുവ് നായ ആക്രമണം. ചായക്കട അടച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് വയോധികനെ തെരുവ് നായ കടിച്ചത്. തളിക്കുളം മുറ്റിച്ചൂർ പാലത്തിന് വടക്ക് കളവംബാറവീട്ടിൽ വിജയനാണ് (76) നായയുടെ കടിയേറ്റത്. ഇയാൾ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ കടയടച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ പുറകിലൂടെ എത്തിയ തെരുവ് നായ വിജയന്റെ കാലിൽ രണ്ടിടത്തായി കടിക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാൻ നാട്ടുകാർ എത്തി നായയെ കല്ലെറിഞ്ഞ് ഓടിച്ചാണ് വിജയനെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം മറ്റ് മൂന്നുപേരെ ഇതേ നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മുറ്റിച്ചൂർ – ചേർക്കര മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.