ചെന്നൈ: ഫണ്ട് നല്‍കുന്നതില്‍ തമിഴ്‌നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ശത്രുതമനോഭാവം വച്ചുപുലര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമൻ.കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.2014 മുതല്‍ 2023 വരെ തമിഴ്‌നാട്ടില്‍ നിന്ന് 6.23 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി (ആദായനികുതിയും കോര്‍പ്പറേറ്റ് നികുതിയും) കേന്ദ്രം സ്വീകരിച്ചെങ്കിലും അതേ കാലയളവില്‍ 6.96 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് തിരികെ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
“നിലവിലെ കണക്കുകള്‍ എനിക്ക് മാര്‍ച്ചില്‍ മാത്രമേ ലഭിക്കൂ. എന്നാല്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2022-23 വരെ തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ച നികുതി 6.23 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഞങ്ങള്‍ സംസ്ഥാനത്തിന് 6.96 ലക്ഷം കോടി രൂപ നല്‍കി.’- വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര പരിപാടിയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.സ്‌കൂളുകളുടെയും റോഡുകളുടെയും നിര്‍മാണം, പ്രധാനമന്ത്രി ആവാസ് യോജന (റൂറല്‍), ഗ്രാം സഡക് യോജന എന്നിവയ്‌ക്കായി സെസും സര്‍ചാര്‍ജും ആയി ലഭിച്ച പണം സംസ്ഥാനത്തിന് തിരികെ നല്‍കി.
2014 മുതല്‍ ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് സെസും സര്‍ചാര്‍ജും ഇനത്തില്‍ ഏകദേശം 57,557 കോടി രൂപ ലഭിച്ചു. എൻഎച്ച്‌എഐ റോഡുകള്‍ നിര്‍മിക്കാൻ 37,965 കോടി രൂപയും സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള സമഗ്ര ശിക്ഷാ പദ്ധതിക്ക് വിദ്യാഭ്യാസ സെസില്‍ നിന്ന് 11,116 കോടി രൂപയും പിഎംഎവൈ പദ്ധതിക്ക് 4,839 കോടി രൂപയും ഗ്രാമീണ റോഡ് പദ്ധതിക്ക് 3,637 കോടി രൂപയും അനുവദിച്ചു.
കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഓരോ സംസ്ഥാനത്തിനും എത്ര തുക നല്‍കണമെന്ന് ധനകാര്യ കമ്മീഷനാണ് തീരുമാനിക്കുന്നതെന്നും ഉത്സവ വേളകളില്‍ മുൻകൂറായും പണം നല്‍കുന്നുണ്ടെന്നും നിര്‍മലാ സീതാരാമൻ വ്യക്തമാക്കി.