സെന്റ് ലിറ്റിൽ തെരെസാസിൽ കായിക പരിശീലനം ആരംഭിച്ചു

Local News

വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വേനൽകാല കായികപരിശീലന പരിപാടിക്ക് തുടക്കമായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിൽവി തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരിശീലന ക്യാമ്പ് സ്കൂൾ മാനേജർ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കഴിവുകൾ കണ്ടെത്തി തേച്ചുമിനുക്കി സ്ഫുടം ചെയ്താൽ മാത്രമേ കുട്ടികൾക്ക് അത് പ്രയോജനപ്രദമാകുകയുള്ളുവെന്നും അതിന് കൃത്യമായ പരിശീലനം അനിവാര്യമായതിനാലാണ് സ്കൂളിൽ കായികപരിശീലന ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ പറഞ്ഞു. കായികപരിശീലനത്തെ തുടർന്ന് സ്കൂളിലെ വിദ്യാർഥികൾ ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച് പ്രതിഭ തെളിയിച്ചിരുന്നു. കായിക അധ്യാപിക മിനിസന്തോഷ്, സ്കൂളിലെ മുൻ വിദ്യാർഥിയും ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ ബേസ് ബോൾ മൽസരത്തിൽ എം ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മൽസരിച്ച ബി. കീർത്തനയും ചേർന്നാണ് 80 ഓളം വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. സബ് ജൂനിയർ സോഫ്റ്റ് ബോളിൽ കേരളത്തിനു വേണ്ടി കളിച്ച ചാന്ദിനി ജി.നായർ, അനുഫ്രാൻസിസ് എന്നിവരും ക്യാമ്പിലുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് ജിസി ജോസഫ്, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. പരിശീലന ക്യാമ്പ് മെയ് പകുതിയോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *