കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കണ്ണപുരം ചുണ്ട സ്വദേശി സരിഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത് പറയുന്നു. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.