തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര ആചാര ലംഘനം. ഏകാദശി ദിവസം തിരുവമ്ബാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാര്‍ത്തുന്ന ചടങ്ങാണ് ചരിത്രത്തിലാദ്യമായി മുടങ്ങിയത്.കളഭവും കലശവും ഇല്ലാത്ത ഏകാദശിക്കാണ് തിരുവമ്ബാടി കൃഷ്ണന് ചന്ദനത്തില്‍ മോഹിനീ അലങ്കാരം ചാര്‍ത്തുന്നത്. ഇത് കണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറ്. ഇത്തവണ കൃഷ്ണന്റെ മോഹിനീ രൂപം ദര്‍ശിക്കാൻ എത്തിയ ഭക്തര്‍ നിരാശയോടെയാണ് മടങ്ങിയത്. പത്മനാഭസ്വാമി കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രാധാന്യമുള്ളത് തിരുമ്ബാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്.
ആവശ്യത്തിന് ചന്ദനം ഇല്ലാതിരുന്നതാണ് മോഹിനീ അലങ്കാരം മുടങ്ങാൻ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേല്‍ശാന്തിമാരായ നമ്ബിമാരാണ്. കുറച്ചുവര്‍ഷങ്ങളായി ചന്ദനം അരയ്ക്കുന്നത് യന്ത്രസഹായത്തോടെയാണ്. എന്നാല്‍ ഏകാദശീ ദിനത്തിന് തൊട്ടുമുമ്ബ് യന്ത്രം സര്‍വീസ് ചെയ്യാനായി മാറ്റി. അതിനാല്‍ ആവശ്യമുള്ള ചന്ദനം കണക്കുകൂട്ടി നേരത്തേ അരച്ചുസൂക്ഷിച്ചു. പക്ഷേ, അത് ആവശ്യമായ അളവില്‍ ഉണ്ടായിരുന്നില്ല.
ഇതാണ് പ്രശ്നമായത്. കൈകൊണ്ട് ചന്ദനം അരയ്ക്കുന്ന സംവിധാനം ക്ഷേത്രത്തില്‍ നിലവിലുണ്ട്. മോഹിനീ അലങ്കാരം ചാര്‍ത്താനുളള ചന്ദനം തികയില്ലെന്ന് മനസിലാക്കിയിട്ടും ഇക്കാര്യം നമ്ബിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുളള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാര്‍ തയ്യാറായില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ശ്രീകാര്യക്കാരൻ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നാണ് മനേജര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.
ആചാരലംഘനം നടന്നതില്‍ ഭക്തര്‍ കടുത്ത നിരാശയിലാണ്. നടന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാൻ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഭക്തരുടെ ആവശ്യം.
ഇക്കഴിഞ്ഞ അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയത് വൻ വിവദമായിരുന്നു. ഇതിനെ തുടര്‍ന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീര്‍ കോരല്‍ ചടങ്ങുകള്‍ ഉള്‍പ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീര്‍ കോരല്‍, എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകളും നടന്നു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തണമെങ്കില്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നല്‍കണം.