തൃശൂർ: മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആക്രമണത്തിൽ ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, 12 വയസ്സുള്ള മകൻ എന്നിവർക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ കുടുംബം ഗുരുതരാവസ്ഥയിൽ എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി വീട്ടില്‍ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്‍സണ്‍, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിക്കൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.