ജമ്മു കശ്മീർ: രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്. റൈഫിൾമാൻ ഗുരുചരൺ സിംഗിനാണ് പരിക്കേറ്റത്. പട്രോളിംഗിനിടെയാണ് അപകടം. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നൗഷേര സെക്ടറിലെ ഫോർവേഡ് കാൽസിയൻ ഗ്രാമത്തിലാണ് സംഭവം.
പരിക്കേറ്റ സിംഗിനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നുഴഞ്ഞുകയറ്റ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകൾ സ്ഥാപിക്കാറുണ്ട്.