സോഷ്യൽ മീഡിയ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി പൊലീസ്

Breaking Kerala

സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകൾ വ്യാപകമാകുകയാണ്. പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളപൊലീസ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചു കൊണ്ടും ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. കേരളപൊലീസിന്റെ ഫേസ്ബുക് പേജ് വഴിയാണ് പൊലീസ് തട്ടിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.

ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?

ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.
NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.

#keralapolice

Leave a Reply

Your email address will not be published. Required fields are marked *