അമേഠിയിൽ തന്നോട് വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേന്ദ്രത്തിൽ സഖ്യത്തിലുള്ള കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദാനിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. കരൂവന്നൂര്‍ ഉൾപ്പടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പു കേസുകളിൽ ഇഡിയുടെ അന്വേഷണത്തെ പിന്തുണച്ച സ്മൃതി ഇറാനി അഴിമതിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇത് സംബന്ധിച്ച് പറഞ്ഞത്. നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി ‘ഇന്ത്യ’ മുന്നണിയിൽ തന്നെ അംഗമായ സിപിഐ രംഗത്തെത്തിയിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നായിരുന്നു സിപിഐ നിർവാഹക സമിതിയിൽ ഉയര്‍ന്ന അഭിപ്രായം.
എന്നാൽ പീന്നിട് സിപിഐ ദേശീയ നേതൃത്വം ആ നിലപാട് മയപ്പെടുത്തിയിരുന്നു. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥി നിർണയം ചർച്ചയാകൂയെന്നും ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണെന്നും ഡി രാജ പറഞ്ഞു. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.