പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും കത്തി നശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. സാംസങ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തന്റെ സുഹൃത്ത് മോഹനനാണ് ഫോൺ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ഷിജു പ്രതികരിച്ചു. വാങ്ങിയ ശേഷം രണ്ടാം തവണ ചാർജ്ജ് ചെയ്യാനിട്ടപ്പോഴാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കാണ് വീണത്. തുടർന്ന് കിടക്കയ്ക്ക് തീപിടിക്കുകയും പിന്നാലെ തീ ആളിപ്പടരുകയും ആയിരുന്നു. വീട്ടിലുണ്ടായിരുന്ന കിടക്കയും ടിവിയും ഹോം തിയേറ്റർ സിസ്റ്റവും അലമാരയും അടക്കം കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കു കൂട്ടിയിരിക്കുന്നത്.