തെളിഞ്ഞ ചിരിയും, നല്ല ഉറക്കവും…. ഡോക്ടറുടെ കയ്യിലെ മികച്ച മരുന്നുകൾ എന്നാണ് പറയുന്നത്. നല്ല ചിരി ഒരാളിൽ ഉണ്ടാവാൻ ശാരീരിക, മാനസിക സൗഖ്യം പ്രധാനമാണ്. അത് പോലെ തന്നെയാണ് ഉറക്കത്തിന്റെ കാര്യവും. നല്ല ഉറക്കത്തിനു മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്.
# എന്താണ് ഉറക്കം
തലച്ചോറിലെ കോശങ്ങളുടെയും ഹോർമോണുകളുടെയും ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ന്യൂറോ പെപ്റ്റയിഡുകളുടെയും ശരീരത്തിന്റെ ജൈവിക താളത്തിന്റെയുമെല്ലാം സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഉറക്കം. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ദിവസവും ഏഴര മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ശാസ്ത്രീയമായി കണക്കാക്കിയിട്ടുള്ളത്.
# എന്തിന് ഉറങ്ങണം?
തലച്ചോറിലെ കോശങ്ങൾക്ക് വിശ്രമം നൽകുന്ന പ്രക്രിയ കൂടിയാണ് ഉറക്കമെന്നത്. ശരീര കോശങ്ങൾ ഉറക്കത്തിലും പ്രവർത്തിച്ചു കൊണ്ടിരിക്കുമെങ്കിലും കോശങ്ങളുടെ പ്രവർത്തനങ്ങൾ ചിട്ടയാക്കാൻ ഉറക്കം സഹായിക്കുന്നു.
പ്രധാനമായും രണ്ട് ധർമങ്ങൾ ആണ് ഉറക്കം നിർവഹിക്കുന്നത്. ഒന്ന് മനുഷ്യ ഓർമകളെ ചിട്ടപ്പെടുത്തുകയെന്നതാണ്. രണ്ട് തലച്ചോറിലെ മെറ്റബോളിക് പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ പുറം തള്ളുക എന്നതാണ്. ഉറക്കത്തിൽ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണത്. അൽഷിമേഴ്സ്, പാർക്കിന്‍സൺസ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്ക് പ്രധാന കാരണമാവുന്നത് ഇത്തരത്തിൽ മാലിന്യം തലച്ചോറിലെ കോശങ്ങളിൽ അടിഞ്ഞു കൂടുന്നതാണ് എന്നാണ് നിഗമനം. ഈ വിഷയത്തിൽ ലോകമെമ്പാടും നിരവധി പഠനങ്ങൾ നടന്നു വരികയാണ്.
# ഉറക്കമില്ലായ്മ (ഇൻസോംനിയ )എന്ന രോഗം
ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉറക്കമില്ലായ്മ ബാധിക്കുമ്പോൾ ശരീരികവസ്ഥ എന്നതിൽ നിന്നും ഉറക്കമില്ലായ്മ രോഗമായി മാറുന്നു. ദീർഘ യാത്രകളുടെ ഭാഗമായുള്ള ജെറ്റ് ലാഗ്, രാത്രികാല ജോലി മൂലമുണ്ടാകുന്ന ഉറക്ക വ്യതിയാനം, മറ്റു രോഗങ്ങൾ, മരുന്നുകൾ മൂലമുള്ള ഉറക്കമില്ലായ്മ എന്നിവ അക്യൂട്ട് ഇൻസോംനിയ അയാണ് കരുതുന്നത്. തത്കാലികമായി ഉണ്ടാകുന്ന ഈ അവസ്ഥ ഗുരുതരമല്ല. എന്നാൽ ഉറക്കമില്ലായ്മ ആഴ്ചകളോളം നീണ്ടാൽ(ക്രോണിക് ഇൻസോംനിയ )അതിനു പിന്നിലുള്ള കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വിവിധ കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ ഉണ്ടാകുന്നു. പലപ്പോഴും ഉത്ഖണ്ഠയാണ് ഇത്തരത്തിലുള്ള ക്രോണിക് ഇൻസോംനിയക്ക് പ്രധാന കാരണമാവുന്നത്.
ഹൃസ്വ കാല ഉറക്കമില്ലായ്മ പലപ്പോഴും ഒന്നോ രണ്ടോ ആഴ്ച്ച നീണ്ടു നിൽക്കുന്ന ചികിത്സ കൊണ്ട് പരിഹരിക്കപ്പെടും. എന്നാൽ ദീർഘ കാലം നീണ്ടു നിൽക്കുന്ന ഉറക്കമില്ലായ്മ പരിഹരിക്കാൻ സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സഹായം ആവശ്യമായി വേണ്ടിവരാറുണ്ട്. യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചാൽ ദീർഘ കാല ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്ന രോഗമാണ്.
# അമിത ഉറക്കവും അപകടം
പകൽ സമയത്തെ അമിതമായ ഉറക്കം പലപ്പോഴും ശാരീരിക അവസ്ഥയുടെ ഫലമാണ്. ഹൈപ്പോ തൈറോയിഡിസം, ഡയബെറ്റിസ് എന്നിവ അമിതമായ ഉറക്കത്തിനു പ്രധാന കാരണങ്ങളാണ്. വിവിധ തരം മരുന്നുകളും അമിതമായ ഉറക്കത്തിനു കാരണമാവുന്നുണ്ട്. സോഡിയം, കാൽസ്യം, തയാമിൻ പോലുള്ള വിറ്റാമിനുകളുടെ അപര്യാപ്തത എന്നിവയും അമിതമായ പകലുറക്കത്തിന് കാരണമാവും. കൃത്യമായ പരിശോധനയും രോഗനിർണയവും വഴി അമിതമായ പകലുറക്കത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.
# ഉറക്ക വൈകല്യങ്ങളെ കുറിച്ച് അറിയാം
1. ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ: ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ തടസ്സം അനുഭവപ്പെടുകയും ശ്വസനം നിൽക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്നതാണ് ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ. ശബ്ദത്തിലുള്ള കൂർക്കംവലി
ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥ, കിതപ്പ് അല്ലെങ്കിൽ ശ്വാസം മുട്ടൽ എന്നിവ കാരണം പെട്ടെന്ന് ഉണരുകയോ ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണങ്ങൾ.
അമിത ഭാരം, രക്ത സമ്മർദം, ഇടുങ്ങിയ ശ്വാസനാളം, എന്നിവയും പ്രായധിക്യവും ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയക്ക് കാരണമാവാം.
2. റെസ്ററ്ലസ് ലെഗ് സിന്‍ഡ്രോം : റെസ്ററ്ലസ് ലെഗ് സിന്‍ഡ്രോം എന്നത് ഒരു ന്യൂറോളജിക്കല്‍ പ്രശ്നമാണ്. രാത്രിയില്‍ കാലില്‍ അസ്വസ്ഥതയാണ് പ്രധാന ലക്ഷണം. ഇതിനാൽ വിശ്രമിക്കുമ്പോൾ കാലുകള്‍ ചലിപ്പിയ്ക്കാനുള്ള തോന്നലുണ്ടാകുന്നു. ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി12 എന്നിവയുടെ കുറവ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ് രോഗം, കിഡ്നി തകരാർ, പ്രമേഹം, വീനസ് ഡിസോര്‍ഡര്‍, തൈറോയ്ഡ് ഡിസോര്‍ഡര്‍, ചില മരുന്നുകള്‍ പ്രമേഹം, മദ്യപാനം, ഗര്‍ഭം തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നു.
3. പീരിയോഡിക് ലിമ്പ് മൂവ്മെന്റ് ഡിസോർഡർ (PLMD): ഉറക്കത്തിൽ രോഗി സ്വമേധയാ കൈകാലുകൾ ചലിപ്പിക്കുന്നതാണ് ഈ അവസ്ഥയുടെ ലക്ഷണം. ഉറങ്ങുന്ന വ്യക്തിക്ക് പലപ്പോഴും ഈ ചലനങ്ങളെക്കുറിച്ച് പൂർണ്ണമായും അറിവുണ്ടാവാറില്ല. അതുമൂലം ഉറക്കം തടസപ്പെടുകയും അമിതമായ പകലുറക്കത്തിന് കാരണമാവുകയും ചെയ്യുന്നു.
പാർക്കിൻസൺസ് രോഗം, നാർകോലെപ്സി, മസ്കുലോസ്കലെറ്റൽ രോഗം , ഹൃദ്രോഗം , ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ , കാറ്റപ്ലെക്സി , ഉറക്കസമയം അടുത്ത് ശാരീരിക പ്രവർത്തനങ്ങൾ നടത്തുക, മാനസിക വിഭ്രാന്തിയുടെ സാന്നിധ്യം എന്നിവയും വിവിധ മരുന്നുകളും പീരിയോഡിക് ലിമ്പ് മൂവ്മെന്റ് ഡിസോർഡറിനു കാരണമാവുന്നു.
4. നാർകോലെപ്സി: നമ്മളുടെ ഞരമ്പുകളുടെ പ്രവര്‍ത്തന വ്യതിയാനമാണ് നാര്‍കോലെപ്സി എന്ന അസുഖത്തിന് കാരണമാവുന്നത്. നാർകോലെപ്സി ഉള്ള ആളുകൾക്ക് ഉറക്കത്തെ നിയന്ത്രിക്കുവാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനിയന്ത്രിതമായി ഉറങ്ങുന്നത് മൂലം ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. മസിലുകളെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ (കാറ്റപ്ലെക്സി), മതിഭ്രമം, സ്ലീപ്പ് പരാലൈസിസ്, എന്നിവയെല്ലാം നാർകോലെപ്സിയുടെ ഭാഗമായി സംഭവിക്കുന്നതാണ്.
5. റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് അഥവാ സ്വപ്നാവസ്ഥയിലുള്ള ഉറക്കം: ഉറക്കത്തിൽ കാണുന്ന സ്വപ്നത്തിന് അനുസരിച്ചു സംസാരിക്കുക, ചലിക്കുക, തുടങ്ങിയ കാര്യങ്ങൾ റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫുട്ബോൾ കളിക്കുന്നതായി സ്വപ്നം കാണുന്ന വ്യക്തി ബോൾ തട്ടുന്നതായും തടയുന്നതായുമെല്ലാം ഉറക്കത്തിൽ പ്രവർത്തിക്കുന്നു. സാധാരണ ഈ അവസ്ഥയിൽ ഉറങ്ങുന്ന വ്യക്തി കിടക്ക വിട്ട് എഴുന്നേൽക്കുകയോ റൂമിന് പുറത്തേക്ക് പോവുകയോ ചെയ്യാറില്ല. ഇത്തരത്തിൽ കാണുന്ന സ്വപ്നങ്ങൾ ഉണർന്ന ശേഷവും ഓർമയിൽ നിൽക്കും. മറ്റു ഉറക്ക വൈകല്യങ്ങളുടെ ഭാഗമായും റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് ഉണ്ടാവാറുണ്ട്.
# പോളിസോമ്നോഗ്രാഫി
വിവിധതരം ഉറക്കം വൈകല്യങ്ങളെ കണ്ടെത്തുന്നതിനും ചികിത്സ നിർണയിക്കുന്നതിനുള്ള പരിശോധനയാണ് പോളിസോമ്നോഗ്രാഫി. ഇതുവഴി മസ്തിഷ്കത്തിലെ തരംഗങ്ങൾ, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയതാളം, ശ്വസനഗതി, തുടങ്ങിയവയെല്ലാം അറിയാൻ കഴിയും. ഉറക്കത്തിൽ കണ്ണുകളുടെയും കാലുകളുടെയും ചലനങ്ങളും പോളിസോമ്നോഗ്രാഫിയിലൂടെ കണ്ടെത്താനാകും. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ലീപ് ലാബിലാണ് ഈ പരിശോധന നടത്തുന്നത്
# തുടരാം നല്ല ശീലങ്ങൾ, ഉറങ്ങാം നന്നായി
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ, ടാബ്ലറ്റ്, കംപ്യൂട്ടർ, ടി.വി തുടങ്ങിയവ മാറ്റി വെക്കുക. ഇവ ഉറക്കം നഷ്ടപ്പെടാൻ കാരണമാകുന്നവയാണ്.
കിടപ്പ് മുറി വൃത്തിയായി സൂക്ഷിക്കുന്നത് ഉറങ്ങാൻ സഹായിക്കും.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്ന കാര്യമാണ്.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന സ്വഭാവം ഒഴിവാക്കുക. കുറഞ്ഞത് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
രാത്രി വൈകി കാപ്പി കുടിക്കുന്ന ശീലം നല്ലതല്ല. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതുമൂലം ഉറക്കം നഷ്ടപ്പെടാം. വൈകി ചായയും കാപ്പിയും കുടിക്കുന്നവരിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരുന്നുണ്ട്.ദഹിക്കാൻ ബുദ്ധിമുട്ടുള്ളതും കട്ടിയുള്ളതുമായ ലഘു ഭക്ഷണങ്ങൾ രാത്രികാലങ്ങളിൽ ഒഴിവാക്കുന്നതും നല്ലതാണ്.