ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന ‘അമരൻ’ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധം.ചിത്രത്തില്‍ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമാതാവ് കമലഹാസനും നടൻ ശിവകാർത്തികേയനുമെതിരെ പ്രതിഷേധം ശക്തമായത്. ചിത്രത്തില്‍ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തമിഴക മക്കള്‍ ജനനായക കക്ഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാല്‍ സിദ്ദിഖി ആവശ്യപ്പെട്ടു. കമലിനെയും ശിവകാർത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജർ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്.
രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോർട്ടുകളുണ്ട്. 2014ല്‍ ജമ്മു-കശ്മീരിലെ ഷോപിയാനില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നയിക്കുന്നതിനിടെയാണ് മുകുന്ദ് വരദരാജൻ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്.