കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ എസ് ചിത്രയുടെ ആഹ്വാനത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗായകന്‍ സൂരജ് സന്തോഷ്.പള്ളി പൊളിച്ചാണ് അമ്ബലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സൂരജ് പറഞ്ഞു.
ഹൈലൈറ്റ് എന്താണെന്ന് വച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്ബലം പണിതതെന്ന വസ്തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്ന ഓരോന്നായ്. എത്ര എത്ര കെ എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നു. കഷ്ടം, പരമകഷ്ടം എന്നാണ് സൂരജിന്റെ പോസ്റ്റ്.
ചിത്രയുടെ വീഡിയോ പുറത്തുവന്നയുടന്‍ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്. രാമമന്ത്രം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമുള്ള ആഹ്വാനത്തിലല്ല മറിച്ച് രാജ്യത്തെ മതേരതത്തിന് നിരക്കാത്ത രീതിയില്‍ ഒരു ക്ഷേത്രം പണിയുകയും അത്തരമൊരു ക്ഷേത്രത്തിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് ചിത്രയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടുക്കും സെലിബ്രിറ്റികള്‍ക്ക് ക്ഷണക്കത്തുകള്‍ നല്‍കുകയും അത് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ദിവസങ്ങള്‍ക്ക് മുമ്ബ് ചിത്ര ഏറ്റുവാങ്ങിയിരുന്നു. നടന്‍ മോഹന്‍ലാല്‍, ദിലീപ്, ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ അദ്ധ്യക്ഷയും രാജ്യസഭാ എംപിയുമായ പി ടി ഉഷ തുടങ്ങി പല പ്രമുഖരേയും ആര്‍എസ്‌എസ് പ്രചരണത്തിന്റെ ഭാഗമാക്കി.