സിർദ്ധാഥനെ മർദിച്ചിട്ടുണ്ട്, പക്ഷെ, മൂന്ന് ദിവസം മർദനം നടന്നില്ല : വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍

Breaking Kerala

വയനാട്: ‘സിർദ്ധാഥനെ മർദിച്ചിട്ടുണ്ട്, പക്ഷെ, മൂന്ന് ദിവസം മർദനം നടന്നില്ല. ഭക്ഷണം കൊണ്ടുകൊടുത്തിട്ടുണ്ട്, അവൻ കഴിച്ചിട്ടില്ല… ഇതുപോലൊരു പ്രശ്നം ഇതുവരെ കൊണ്ടുപോയിട്ടില്ല. ഇതു റാഗിംങ് അല്ല. സിദ്ധാർഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാർഥികള്‍ മാധ്യമങ്ങളോട് പറഞ്ഞതാണിത്. എസ്.എഫ്.െഎയെന്ന് പറഞ്ഞ് മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർഥികള്‍ പറഞ്ഞു.

130 ഓളം വിദ്യാർഥികളുടെ നടുവില്‍ വെച്ചായിരുന്നു സിദ്ധാർഥനെ വിചാരണ ചെയ്തതെന്നായിരുന്നു വാർത്തകള്‍. സത്യത്തില്‍ 130 വിദ്യാർഥികളൊന്നും അവിടെ ഇല്ലായിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ പകുതി വിദ്യാർഥികളും വീട്ടിലായിരുന്നു. നടുമുറ്റത്ത് സിദ്ധാർഥനെ മർദിക്കുന്നത് പലരും അറിഞ്ഞിട്ടില്ല. എല്ലാവരും ആ സമയത്ത് ഉറങ്ങുകയായിരുന്നു. അർധരാത്രിയാണ് മർദനം നടന്നതെന്നും വിദ്യാർഥികള്‍ പറയുന്നു. മാധ്യമങ്ങള്‍ പലതും തോന്നിയതുപോലെ പറയുകയാണെന്നും വിദ്യാർഥികള്‍ പറഞ്ഞു.

വ്യക്തിപരമായ സംഭവമാണിത്. ഇതില്‍ ഉള്‍പ്പെട്ട മൂന്നോ നാലോ പേർ പാർട്ടി ചുമതല അലങ്കരിക്കുന്നവരായതുകൊണ്ട് ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ഇവർ പറയുന്നു. ഇതിനിടെ, വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഴുവൻ പ്രതികളും പിടിയില്‍. മുഖ്യപ്രതിയും കൊല്ലം ഓടനാവട്ടം സ്വദേശിയുമായ സിൻജോ ജോണ്‍സണ്‍ (21) അടക്കമുള്ള പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്. ഇതോടെ, കേസിലെ 18 പ്രതികളും പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തിയ 11 പ്രതികള്‍ റിമാൻഡിലുമാണ്.

സിൻജോ ജോണ്‍സണ്‍, കാശിനാഥൻ, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഇന്ന് പിടിയിലായത്. കീഴടങ്ങാൻ വരുമ്ബോള്‍ സിൻജോയെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കാശിനാഥൻ പൊലീസ് മുമ്ബാകെ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. കാമ്ബസില്‍ സിദ്ധാർഥന് നേരെ നടന്ന ആള്‍ക്കൂട്ട വിചാരണക്കും മർദനത്തിനും നേതൃത്വം നല്‍കിയത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയയാ സിൻജോ ജോണ്‍സണ്‍ ആണെന്ന് പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടില്‍ അരുണ്‍ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നില്‍ ഏരി വീട്ടില്‍ അമല്‍ ഇഹ്സാൻ (23)കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലില്‍ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രതി ചേർക്കപ്പെട്ട 18 പേരെയും കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ ബില്‍ഗേറ്റ് ജോഷ്വാ, എസ്. അഭിഷേക് (കോളജ് യൂനിയൻ സെക്രട്ടറി), ഡി. ആകാശ്, ഡോണ്‍സ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജില്‍ വിദ്യാർഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *