പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂൾ വികസനത്തിൻ്റെ ഒരു ഘട്ടം കൂടി പൂർത്തീകരിച്ചിരിക്കുന്നു. വിദ്യാലയത്തിൽ പുതിയതായി നിർമ്മിച്ച യോഗ, കാൻ്റീൻ മന്ദിരത്തിൻ്റെ ഉത്ഘാടനം നടത്തി. കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സഹായത്തോടെ നിർമ്മിച്ച യോഗ മന്ദിരത്തിൻ്റെ ഉത്ഘാടനം കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ നിർവ്വഹിച്ചു. പുതിയ കാന്റീൻ മന്ദിരത്തിൻ്റെ ഉത്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവ്വഹിച്ചു. സ്കൂൾ ചെയർമാൻ എം. എ. വാസുദേവൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘ ത്തിൻ്റെ മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭാരതി മുൻ ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എ.സി. ഗോപിനാഥ് , ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് എം. എസ്. ലളിതാംബിക എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സമിതി പ്രസിഡൻ്റ് എൻ. മധു സ്വാഗതവും ശ്രീ സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഇ.ജി. ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. വിദ്യാലയത്തിലെ യോഗ ടീം കുട്ടികൾ വിവിധ യോഗാസനങ്ങളുടെ മനോഹരമായ പ്രദർശനവും നടത്തി. സ്കൂൾ പ്രിൻസിപ്പൾ ആർ. രഞ്ജിത്ത്, മാനേജർ കെ.റ്റി. ഉണ്ണികൃഷണൻ, സെക്രട്ടറി പി.എം. ചന്ദ്രശേഖരൻ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഇ.എം. ഭരതൻ എന്നിവർ വിശിഷ്ട അതിഥികളെ ആദരിച്ചു.
ചിത്രം: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച യോഗ മന്ദിരത്തിൻ്റെ ഉത്ഘാടനം കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ നിർവ്വഹിക്കുന്നു.