കടുത്തുരുത്തി: എല്ലാ വിളകൾക്കും അത്യാവശ്യമായ രാസവളങ്ങളിൽ പ്രാധാനപ്പെട്ട യൂറിയ ലഭ്യമല്ലാതായിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടു. യൂറിയാ ക്ഷാമം എറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് നെൽകൃഷിയെയാണ്. ഇപ്പോൾ നടക്കുന്ന വരിപ്പു കൃഷിക്ക് യൂറിയാ പ്രയോഗിക്കാൻ കഴിയാതെ വന്നത് വിളവിനെ ദോഷമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. വിരപ്പു കൃഷി (വർഷ കൃഷി ) യുടെ രണ്ടാം വളവും മൂന്നാം വളവും ഇടാനുള്ള കർഷകരാണിപ്പാേൾ യൂറിയ ലഭിക്കാതെ പ്രതി സന്ധി നേരിടുന്നത്. ഒന്നാം വളത്തിന് ഫാക്ടംഫോസ് പോലുള്ള കോംപ്ലക്സ് വളത്തിനൊപ്പം പാെട്ടാഷും യൂറിയായും ചേർത്താണ് കർഷകർ ഇടുന്നത്. എന്നാൽ രണ്ടും മൂന്നും വള യോഗം പൊട്ടാഷും യൂറിയയുമാണ്. അതുകൊണ്ട് യൂറിയാക്ഷാമം ഏറെ ദോഷം ചെയ്തരിക്കുന്നത് വിരിപ്പു നെൽകൃഷിയെയാണ്.
45 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് യൂറിയായുടെ വില 266 രൂപാ 50 പൈസയാണ്. ഐ.പി.എൽ, ഇഫ്കോ, മാർക്കറ്റിംഗ് ഫെഡറേഷൻ , എം സി എഫ് , തുടങ്ങിയ വിതരണക്കാരിൽ നിന്നാണ് കേരളത്തിലെ വ്യാപാരികൾ യുറിയ വാങ്ങുന്നത്. ഇവരുടെ പക്കൽ യൂറിയ സ്റ്റാേക്ക് ഇല്ലെന്നാണ് വിശദീകരണം. വളവും കീടനാശിനികളും വില്പന നടത്തുന്ന സഹകരണ സംഘങ്ങളും മറ്റു അംഗീകൃത ഏജൻസികളും യൂറിയായ്ക്കായി ഓർഡർ നൽകിയിട്ട് മാസങ്ങളായെങ്കിലും ലഭിക്കുന്നില്ല. എന്നാൽ ചില സ്വകാര്യ വ്യാപാരികൾക്ക് യുറിയാ ലഭിക്കുന്നുണ്ട്. അവർ വില്ക്കുന്നത് വില കൂട്ടിയാണ്. കഴിഞ്ഞ പുഞ്ച കൃഷിയുടെ നെല്ലിന്റെ വില പാേലും ലഭിക്കാതെ കടക്കെണിയിലായ കർഷകർക്ക് യൂറിയ ക്ഷാമം ഇരുട്ടടിയായി.