പാലക്കാട്: ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു.
നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. സംഭവ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. മുൻവശത്തെ വാതിൽ തുറന്നപ്പോൾ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മണികണ്ഠനെയാണ് നാട്ടുകാർ പിടികൂടിയത്. മരിച്ച സഹോദരിമാരുടെ വീട്ടിൽ പെയിന്റിങ് ജോലിക്കായി ഇയാൾ മുമ്പ് വന്നിരുന്നതായും നാട്ടുകാരോട് പറഞ്ഞിരുന്നു. മണികണ്ഠന്റെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണികണ്ഠൻ മോഷണം നടത്തിയ കളവ് മുതൽ പൊലീസ് കണ്ടെടുത്തു.
കൊല്ലപ്പെട്ട പത്മിനിയും തങ്കവും 20 വർഷം മുമ്പാണ് കവളപ്പാറയിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. പത്മിനി സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയുമായിരുന്നു.