സിദ്ധാർത്ഥനെ എസ്‌എഫ്‌ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും

Breaking Kerala

വയനാട്: ക്രൂരമായ ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ മരിച്ച പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്‌എഫ്‌ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും.സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വീടിന് സമീപമാണ് സിപിഎം-ഡിവൈഎഫ്‌ഐ പതിനൊന്നാം കല്ല് ബ്രാഞ്ചിൻ്റെ ബോർഡ് സ്ഥാപിച്ചത്. എസ്‌എഫ്‌ഐ പ്രവർത്തകൻ സിദ്ധാർത്ഥൻ്റെ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോർഡ്.

അതേസമയം സിദ്ധാർത്ഥൻ എസ്‌എഫ്‌ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് അച്ഛൻ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊന്നതാരാണെന്ന് വ്യക്തമാണെന്നും അത് മറച്ച്‌ പിടിക്കാനാണ് പ്രചാരണമെന്നും ജയപ്രകാശ് പറഞ്ഞു. കേസില്‍ ഡീൻ എം കെ നാരായണനെയും പ്രതി ചേർക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. റാഗിംഗ് വിവരം ഡീനിനും അസിസ്റ്റന്റ് വാർഡനും അറിയാമായിരുന്നുവെന്ന് അദ്ദേഹം പറ‍ഞ്ഞു. അതിനിടെ, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *