രാവിലെ നേരത്തെ സ്‌കൂളില്‍ എത്തുന്ന എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; താല്‍ക്കാലിക സ്വീപ്പര്‍ അറസ്റ്റില്‍

Breaking Kerala

അഞ്ചല്‍: കൊല്ലം ഏരൂരില്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ താല്‍ക്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള(60)യാണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം മുതല്‍ ഇയാള്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നതായി. അധ്യാപകര്‍ എത്തും മുമ്പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. വിവരം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് സമാന പരാതിയുള്ളതായി മനസിലായി.

ഏരൂര്‍ പൊലീസില്‍ അഞ്ച് പരാതികളെത്തി. പോക്‌സോ ഉള്‍പ്പെടെ ചുമത്തി കേസെടുത്ത പൊലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *