ആലപ്പുഴ: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖാന്തരം സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 50% സാമ്പത്തിക സഹായത്തോടെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസിയായ സേക്രഡ് ഹാർട്ട് ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ ചേർത്തല തുറവൂർ സെന്റ്. ജോസഫ് ടെയ്ലറിഗ് സെന്ററിൽ വച്ച് തയ്യൽ മെഷീൻ വിതരണം നടത്തി. സാമൂഹിക സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും വരുമാനദായക മാർഗ്ഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പദ്ധതിയാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ നടപ്പാക്കുന്ന സാമൂഹ്യസംരംഭകത്വ വികസന പരിപാടി.
കേവലം തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതിനപ്പുറം അത് ഉപയോഗിച്ച് വരുമാനം നേടുന്നതിന് പ്രയത്നിക്കാൻ താല്പര്യമുള്ള 33 പേർക്കാണ് മെഷീൻ വിതരണം ചെയ്തത്. തുറവൂർ സെന്റ്. ജോസഫ് പള്ളി വികാരി ഫാ. സെൻ കല്ലുങ്കൽ മൂന്നു പേർക്ക് തയ്യൽ മെഷീൻ നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. അസി. പ്രൊവിൻഷ്യൽ സി. സജിത പരിപാടിയ്ക്ക് അധ്യക്ഷം വഹിച്ചു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ആലപ്പുഴ ജില്ല ജോയിന്റ് സെക്രട്ടറി ശ്രീ ശിവജി പദ്ധതി വിശദീകരണം നടത്തി. സി. ഷേഫി ഡേവിസ് സ്വാഗതവും സി. ലിജി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
ഉഷ കമ്പനിയുമായി സഹകരിച്ചുകൊണ്ട് നാല് തരത്തിലുള്ള തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്. സിംഗിൾ മെഷീൻ, അംബ്രല്ല മെഷീൻ, ഇന്റർലോക്ക് മെഷീൻ, പവർ മെഷീൻ എന്നിവയും അംബ്രല്ല മെഷീന് അവശ്യമായ മോട്ടോറുകളുമാണ് വിതരണം ചെയ്തത്. പാക്കറ്റുകളിൽ വന്ന മെഷീന്റെ പാർട്ടുകൾ സെറ്റ് ചെയ്താണ് നൽകിയത്.