ഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതോടെ, ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്കുള്ള അവധി നീട്ടി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറുമുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.വായുനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്താണ്. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡല്‍ഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു.
മാസ്‌കും കണ്ണടയും ധരിക്കാതെ പുറത്തിറങ്ങുന്നത് സാധ്യമല്ലാത്ത അവസ്ഥയാണ്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് തൊണ്ടയെരിച്ചിലും തൊണ്ടയടപ്പും അനുഭവപ്പെടുന്നു. കണ്ണിനും വലിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. മലിനീകരണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ?ഗോപാല്‍ റായ് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ദീപാവലി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമേ മുംബൈയിലും കൊല്‍ക്കത്തയിലും വായു മലിനീകരണം രൂക്ഷമാണ്.