തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഏഴു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി ചെറുവാല്‍മാരാശേരി വീട്ടില്‍ ഗംഗാധരനെ (73) അഞ്ചുവര്‍ഷം കഠിനതടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദ്രന്‍ സി.ആര്‍.വിധി പ്രഖ്യാപിച്ചു.
ഏഴു വയസുകാരിക്കെതിരേ യു.കെ.ജിയില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെ പലപ്പോഴായി ലൈംഗികാതിക്രമം നടത്തിയെന്നരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 14 രേഖകളും ഹാജരാക്കിയരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു. കൂടാതെ കോടതി രേഖയായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കത്തും ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയിരുന്ന എസ്.പി. സുധീരനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജു വാഴക്കാല ഹാജരായി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്റെ പത്താം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.