ചോറ്റാനിക്കര: ഡിസംബർ 25ആം തീയതി രാത്രിയാണ് ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിന്റെ രണ്ടാം ഭാര്യ ശാരിയെ (37) ആശുപത്രിയിൽ എത്തിച്ചത്. ശാരി കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷൈജു ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ച ശാരിയുടെ ജീവൻ രക്ഷിക്കാനായില്ല, മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുഴഞ്ഞു വീണതല്ല ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പൊലീസിനോടു ഷൈജു പറഞ്ഞത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് ഷൈജുവിനെ ചോറ്റാനിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വർഷത്തോളമായി എരുവേലിയിലെ വീട്ടിൽ അവരോടൊപ്പമാണു താമസം. 5 വർഷം മുൻപ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
25ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായപ്പോൾ കഴുത്തിൽ ചുരിദാർ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി മൃതദേഹം കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. വിഫലമായപ്പോൾ ഷാൾ മുറിച്ചശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം ഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമം ഭർത്താവ് അറസ്റ്റിൽ
