ഉദുമയിലെ തീരദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പദ്ധതി ശിപാര്‍ശ ചെയ്യും: അഡ്വ. പി. സതീദേവി

Kerala

ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. തീരദേശ ക്യാമ്ബിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കോട്ടിക്കുളം ഹാര്‍ബര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള നടപടി നടന്നുവരുന്നു.
കടല്‍ക്ഷോഭത്തിന്റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്.

തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മിഷന്‍ സ്വീകരിക്കും. തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി വാഹന ഗതാഗത സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. വീടുകള്‍ തമ്മിലുള്ള അകലം വളരെ കുറവായതിനാല്‍ സമീപ വാസികള്‍ സഹകരിച്ചാല്‍ മാത്രമേ എല്ലാ വീടുകളുടെയും പരിസരത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയു. പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടെ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് പരിചരണത്തിനുള്ള പരിശീലനം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുധാകരന്‍, വാര്‍ഡ് അംഗം എന്‍. ഷൈനിമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്.
ബേക്കല്‍ വാര്‍ഡിലെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 10 വനിതകളെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി സന്ദര്‍ശിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു.

കിണറ്റിന്‍കര വീട്ടില്‍ പരേതനായ അശോകന്റെ ഭാര്യ പക്ഷാഘാതം വന്ന് കിടപ്പിലായ ഭാനുമതിയമ്മ, കുമാരി ഹൗസില്‍ പരേതനായ ബേഡുവിന്റെ ഭാര്യ കിടപ്പിലായ കല്ല്യാണി, കൊടക്കാരന്‍ ഹൗസില്‍ പരേതനായ മാധവന്‍ കൊടക്കാരന്റെ ഭാര്യ കാലിന് പരിക്കേറ്റ് കിടപ്പിലായ മൈഥിലി, തായല്‍ ഷീലാ നിലയത്തില്‍ പരേതനായ രാജന്റെ ഭാര്യയും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കിടപ്പിലായ ശീലാവതി, തായല്‍ ഹൗസില്‍ പരേതനായ കുമാരന്റെ ഭാര്യ കാന്‍സര്‍ ബാധിതയായ സരോജിനി, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന തമ്ബുരാന്‍ വളപ്പില്‍ സത്യവതി,തമ്ബുരാന്‍ വളപ്പില്‍ പരേതനായ നാരായണന്റെ ഭാര്യ ശങ്കരി,
കുമാരി ഹൗസില്‍ പരേതനായ സ്വാമിക്കുട്ടിയുടെ ഭാര്യ കാന്‍സര്‍ ബാധിതയായ രേവതി, ഹോട്ടല്‍വളപ്പ് വീട്ടില്‍ പരേതനായ മാധവന്റെ ഭാര്യ മാധവി എന്നിവരെ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങളും പരാതികളും ചോദിച്ചറിയുകയും ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന തായല്‍ ഹൗസില്‍ മുന്‍ പഞ്ചായത്ത് മെമ്ബര്‍ സരോജിനിയെയും കമ്മിഷന്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *