മലപ്പുറം പെരിന്തൽമണ്ണയിലെ തൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച് നജീബ് കാന്തപുരം എംഎൽഎ. ഒരു കോടി എൺപത്തിനാല് ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും എംഎൽഎ പറഞ്ഞു.
തനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഓഫീസ് വിട്ടു നൽകിയത്. ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് തൻ്റെ ഓഫിസ് കേന്ദ്രീകരിച്ച് നടന്നുവെന്നും എംഎൽഎ പറഞ്ഞു.
മണ്ഡലത്തിലെ പണം നഷ്ടമായവർക്ക് മുഴുവൻ മുദ്ര ട്രസ്റ്റ് സ്കൂട്ടറും ലാപ്പും വാങ്ങി നൽകും. ഇനിയും 316 പേർക്ക് നൽകാനുണ്ട്. ഇതിൽ 174 പേരും പെരിന്തൽമണ്ണ മണ്ഡലത്തിലുള്ളവരാണെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
അറസ്റ്റിലായ അനന്തുകൃഷ്ണൻ തന്നെയും പറ്റിച്ചെന്നും സന്നദ്ധ സംഘടനകളും ഇയാളുടെ തട്ടിപ്പിന് ഇരകളാണെന്നും എംഎൽഎ പറഞ്ഞു. പണം നഷ്ടമായ പുലാമന്തോൾ സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം എംഎൽഎക്കെതിരേ പെരിന്തൽമണ്ണ പൊലിസ് കേസെടുത്തിരുന്നു.