അനന്തു കൃഷ്ണന്റെ സ്വന്തം നാടായ കുടയത്തൂര്‍ പഞ്ചായത്തില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടമായത്. അനന്തുവിന്റെ വീടിന് തൊട്ടടുത്തുള്ള അംഗന്‍വാടിയിലെ ടീച്ചറും കുടുംബാംഗങ്ങളും കൂടി 3 സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്ത് ഒരുലക്ഷത്തി എണ്‍പതിനായിരം രൂപ നഷ്ടപ്പെട്ടു.
കുടയത്തൂര്‍ പഞ്ചായത്തിലെ കോളപ്ര അംഗന്‍വാടിയിലെ ടീച്ചറായ ബിന്ദുവിന് ചെറുപ്പം മുതല്‍ കാണുന്ന അനന്തുവിനെ അത്രമാത്രം വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ സഹോദരങ്ങള്‍ മൂന്നുപേരും സ്‌കൂട്ടറിന് വേണ്ടി അറുപതിനായിരം രൂപ വീതം നിക്ഷേപിച്ചു.ടീച്ചറിന്റെ കുടുംബത്തിന് അങ്ങനെ ആകെ നഷ്ടമായത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ.
പേഴ്‌സണലായി ഫോണില്‍ വിളിച്ചും വാട്‌സാപ്പില്‍ ചാറ്റ് ചെയ്തും അനന്തുവിനോട് ചോദിച്ചപ്പോഴൊക്കെ കിട്ടും കിട്ടും എന്നുള്ള മറുപടിയായിരുന്നു ടീച്ചറിന് ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിപ്പിന്റെ വലിയ കഥകള്‍ പുറത്തുവരുമ്പോള്‍ പണം നഷ്ടമായതിന്റെ നിരാശയ്‌ക്കൊപ്പം വലിയ ഞെട്ടലിലാണ് ടീച്ചറും മറ്റു നാട്ടുകാരും.