തിരുവനന്തപുരം: ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നതിനാലാണ് കേരളത്തിലെ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അധ്യാപക സംഘടനയായ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കേന്ദ്രസർക്കാർ നയത്തിനെതിരെ ഇന്നലെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിലും മുഖ്യമന്ത്രി ഈ നിലപാട് വ്യക്തമാക്കിയിരുന്നു.സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുന്നത് ചില മാധ്യമങ്ങൾ വലിയ വാർത്തയാക്കി. കുട്ടികളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും നമ്മുടെ നാട്ടിൽ ജനസംഖ്യയിൽ വലിയ കുറവുണ്ട്. ജനസംഖ്യാ നിയന്ത്രണം നല്ല രീതിയിൽ നടപ്പിലാക്കിയ നാടാണ് കേരളം.ഇപ്പോള്‍ അതൊരു ശിക്ഷയായി നമ്മുടെ നാടിന് ഏറ്റുവാങ്ങേണ്ടിവരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നേട്ടം ശിക്ഷയാക്കി മാറ്റരുതെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യ കുറയുമ്പോള്‍ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലും പൊതുവേ കുറവുവരും. നേരത്തെയുണ്ടായിരുന്നത്ര കുട്ടികള്‍ ഉണ്ടാകുന്നില്ലെന്നത് സ്വാഭാവികമായി വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.