മണ്ണാര്‍ക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായി അദ്ധ്യാപകന്റെയും സ്കൂള്‍ അധികൃതരുടെയും പരാതി.കല്ലടി എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പല്‍ ടി.പി.മുഹമ്മദ് റഫീഖും സ്കൂള്‍ അധികൃതരുമാണ് ആക്ഷേപമുന്നയിക്കുന്നത്.
മുഹമ്മദ് റഫീഖ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നെന്ന രീതിയില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ 2017ല്‍ പ്രചരിക്കാൻ തുടങ്ങിയ വീഡിയോക്കെതിരെയാണ് പരാതി. അന്നുതന്നെ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മിഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളും അന്വേഷണം നടത്തി. സംഭവം സ്കൂളില്‍ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ബാലാവകാശ കമ്മിഷൻ അദ്ധ്യാപകനും സ്കൂളിനും ക്ലീൻ ചിറ്റും നല്‍കിയിരുന്നു.
വീഡിയോയുടെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കൃത്യമായി കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പൊലീസിന് സാധിച്ചില്ല. 2020ല്‍ റഫീഖ് വിരമിച്ചു. വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ വീഡിയോ വീണ്ടും സജീവമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിന് പിന്നില്‍ ചില പ്രത്യേക താല്പര്യമുള്ളതായി സംശയിക്കുന്നതായി സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളെ വരെ മോശമായി പരാമര്‍ശിക്കുന്ന രീതിയിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതെന്നും ഇതുമൂലം വലിയ മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും റഫീഖ് പറയുന്നു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞണമെന്ന് മുഹമ്മദ് റഫീഖിനൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത പ്രിൻസിപ്പല്‍ ഷഫീഖ് റഹ്മാൻ, പി.ടി.എ പ്രസിഡന്റ് മനോജ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വീണ്ടും പൊലീസിനെയും സൈബര്‍ സെല്ലിനെയും വേണ്ടി വന്നാല്‍ കോടതിയെയും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
വ്യാജ വീഡിയോ ഇങ്ങനെ
കല്ലടി എച്ച്.എസ്.എസ് പ്രിൻസിപ്പല്‍ മുഹമ്മദ് റഫീഖ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നെന്ന വാചകത്തോടെ പ്രചരിക്കുന്ന വീഡിയോയാണ് പരാതിക്ക് ആധാരം. അദ്ധ്യാപകന്റെ ശരീരച്ഛായ പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന്റെ പശ്ചാത്തലവും വീഡിയോയിലെ ശബ്ദവും കേരളത്തിലെ സ്കൂളല്ലെന്ന് വ്യക്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സമൂഹ മാദ്ധ്യമങ്ങള്‍ ഒരു പാട് ഗുണം നല്‍കുമ്ബോഴും അതിന്റെ മറ്റൊരു വശം വളരെ ഭീകരമാണെന്ന് സംഭവം തെളിയിക്കുന്നു. വ്യാജ പോസ്റ്റുകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നത് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇതുമൂലം പല വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്ന അനുഭവം നിരവധിയാണ്. കാണുന്ന പോസ്റ്റുകളിലെ യാഥാര്‍ത്ഥ്യം ഉറപ്പ് വരുത്തി പ്രതികരിക്കുക എന്നതാണ് ഇതിനുള്ള ഏക മാര്‍ഗം. വ്യാജ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്തി തക്കതായ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായി അദ്ധ്യാപകന്റെയും സ്കൂള്‍ അധികൃതരുടെയും പരാതി
