ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച; മന്ത്രി വി ശിവൻകുട്ടി

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ ആണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പൊതു സമൂഹത്തിന്റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളും. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനെ ചുമതലപ്പെടുത്തിയെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *