സോലാപൂർ: ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുതെന്ന് ഇൻഡ്യ മുന്നണി നേതാക്കളോട് അഭ്യർത്ഥിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ, സോലാപൂർ ജില്ലയിലെ മംഗൽവേധ പട്ടണത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രീരാമനെ ഓർക്കുന്നതെന്നും പവാർ ആരോപിച്ചു.അധികാര ദുർവിനിയോഗം നടത്തുന്ന നിലവിലെ സർക്കാരിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യം ഇടതുപക്ഷ പാർട്ടികളുമായും പ്രകാശ് അംബേദ്‌കറുടെ വഞ്ചിത് ബഹുജൻ അഘാഡിയുമായും സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ലഭിച്ചെന്നും ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായാൽ പ്രാർത്ഥിക്കുന്നതിനായി താൻ അയോധ്യ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശ്രീരാമൻ രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടയാളാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി തുറക്കാൻ ഉത്തരവിട്ടതും അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ‘ശിലാസ്ഥാപനം’ നടത്തിയതും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് ശരദ് പവാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ബിജെപി ശ്രീരാമനെ ഓർക്കുന്നത് : ശരത് പവാർ
