ഇടത് ചായ്‌വുള്ള സംഘടന: ക്ഷണം നിരസിച്ച് സാന്ദ്രാ തോമസ്

Kerala

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടനയെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു. ‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിർമാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയിൽ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയർത്തിപ്പിടിക്കുകയെന്നും ഇതിൽ പറയുന്നു. ആദ്യഘട്ട നീക്കങ്ങൾക്കു ശേഷമാണ് തൊഴിലാളികളുടെയും നിർമാതാക്കളുടെയും സംഘടനയെന്ന തീരുമാനത്തിൽ എത്തിയത്. പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തിൽ നിർമാതാക്കൾ എന്നതു മാറ്റി പിന്നണിപ്രവർത്തകർ എന്നാക്കിയിട്ടുണ്ട്. ‘ഇടത് പുരോഗമ മൂല്യങ്ങൾ’ എന്നു പറയുന്ന ഭാഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങൾ എന്നാക്കിയും മാറ്റി. അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളിൽ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന്‌ അറിയിച്ചതായും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *