പിഎംഎ സലാമിന്റെ പരാമര്‍ശം അബദ്ധത്തില്‍ ഉണ്ടായതെന്ന് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍. സലാമിന്റെ പരാര്‍മര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ജിഫ്രി തങ്ങളുടെ മറുപടിയും അമിതമായിപ്പോയി എന്നും യോഗം വിലയിരുത്തി. സമസ്തയുമായി ഭിന്നിപ്പ് വേണ്ടന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. നേതൃതലത്തില്‍ സമസ്ത ലീഗ് ബന്ധം ഊട്ടി ഉറപ്പിക്കും. നിലവില്‍ സമസ്തയ്ക്ക് മറുപടി പറയേണ്ടന്നും യോഗത്തിൽ തീരുമാനമായി. സമസ്തയ്ക്ക് അകത്ത് ലീഗ് വിരുദ്ധരാണെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. സമസ്തയിലെ ലീഗ് വിരുദ്ധരെ തുറന്ന് കാട്ടുമെന്നും യോഗം അറിയിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ്കെഎസ്എസ് എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്റെ വിവാദ പരാമർശം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലാമിന്റെ പരാമർശം.
പിന്നാലെയാണ് പിഎംഎ സലാമിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത കേരള ജംഇയത്തുൽ ഉലമ അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്. ഉത്തരവാദിത്തപെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവർക്ക് ഉത്തരവാദിത്തപ്പെട്ടവർ കടിഞ്ഞാണിടണം അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണം. അങ്ങനെ ഉള്ളവരെ അതിന് വേണ്ട സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയോട് കളിക്കരുത്. അധിക്ഷേപിക്കുന്നവർ അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കും. ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാമെന്നും അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയുമെന്നുമാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്.