ചേർത്തല: കുട്ടികളെ സ്വപ്നങ്ങൾ കാണുവാൻ പഠിപ്പിക്കുന്നതിനൊപ്പം അവ യാഥാർത്ഥ്യമാക്കാനുള്ള പ്രയത്നത്തിൽ സഹകാരികളാകുകയും ചെയ്യുമ്പോഴാണ് നാടിനും നാട്ടാർക്കും അഭിമാനിക്കാവുന്ന യുവതലമുറ രൂപീകരിക്കപ്പെടുന്നതെന്ന് കൃഷിവകുപ്പുമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ജർമനി ആസ്ഥാനമായി ഫാ.തോമസ് മറ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയുമായി സഹകരിച്ച്, വൈക്കം. ചേർത്തല മേഖലകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 7, 8 ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസന ത്തിനായി നടപ്പാക്കുന്ന സഹൃദയ വിദ്യാദർശൻ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലമായ പാഠപുസ്തകങ്ങൾക്കപ്പുറം പരിസ്ഥിതിയും മാനവിക മൂല്യങ്ങളും സഹജീവി സ്നേഹവും കുട്ടികളുടെ പഠന വിഷയങ്ങളാകണമെന്നും അദ്ദേഹം നിർദേശിച്ചു. ചേർത്തല നെടുമ്പ്രക്കാട് സഹൃദയ മേഖലാ ഓഫിസിൽ സംഘടിപ്പിച്ച യോഗത്തിൽ ചേർത്തല നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. പഠിക്കാൻ കഴിവും താത്പര്യവുമുള്ള പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് ശ്രേഷ്ഠമായ സാമൂഹ്യ പ്രവർത്തനമാണെന്ന് അവർ പറഞ്ഞു. മുട്ടം ഫൊറോനാ വികാരി ഫാ. ആന്റോ ചേരാന്തുരുത്തി അനുഗ്രഹപ്രഭാഷണവും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയിലെ റാങ്ക് ജേതാവ് ആൻറണി ജോൺ ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, നഗരസഭാ കൗൺസിലർ ബി. സനീഷ്, സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി എന്നിവർ സംസാരിച്ചു. വി.കെ.കൃഷ്ണകുമാർ കരിയർ ഗൈഡൻസ് ക്‌ളാസിനു നേതൃത്വം നൽകി.
കുട്ടികളുടെ പഠനനിലവാരവും നേതൃശേഷിയും വളർത്തുന്നതിനുള്ള പരിശീലനങ്ങളും പഠനസഹായങ്ങളും കരിയർ ഗൈഡൻസും ഉൾപ്പെടുത്തി ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്ന നിന്നുള്ള ശ്രമമാണ് വിദ്യാദർശൻ പദ്ധതിയിലൂടെ നടത്തുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.