തിരുവനന്തപുരം: തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.ചെന്നൈ- കോട്ടയം- ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചത്. ആഴ്ചയില്‍ രണ്ടുദിവസം; വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ട്രെയിൻ സര്‍വീസ് നടത്തുക. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് നടത്തുക.
വെള്ളിയും ഞായറും രാവിലെ 8.30ന് ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് രാത്രി ഏഴുമണിക്ക് കോട്ടയത്ത് എത്തും. തിരിച്ച് കോട്ടയത്ത് നിന്ന് രാത്രി 9ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ചെന്നൈ സ്റ്റേഷനില്‍ എത്തിച്ചേരും.
എറണാകുളം നോര്‍ത്ത്, തൃശൂര്‍, പാലക്കാട് എന്നിവയാണ് സ്പെഷ്യല്‍ ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകള്‍. പോത്തന്നൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ടൈ, കാട്‌പാടി എന്നിവിടങ്ങളിലും ട്രെയിൻ നിറുത്തും.തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിൻ ഓടിക്കാൻ റെയില്‍വേ തീരുമാനിച്ചത്. ഇത് കൂടാതെ ചെന്നെ- കോയമ്ബത്തൂര്‍- ചെന്നൈ റൂട്ടില്‍ മറ്റൊരു വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിൻ കൂടി സര്‍വീസ് നടത്തും. ക്രിസ്‌മസ് അവധി ദിനങ്ങള്‍ പ്രമാണിച്ചാണ് ഈ ട്രെയിൻ സര്‍വീസ് നടത്തുക. 2024 ജനുവരി 30 വരെ ചൊവ്വാഴ്‌ചകളിലാണ് ട്രെയിൻ സര്‍വീസ്. ചെന്നൈയില്‍ നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15ന് കോയമ്ബത്തൂരില്‍ എത്തും. തിരികെ 3.04ന് പുറപ്പെടുന്ന ട്രെയിൻ 9.50ഓടെ ചെന്നൈയിലെത്തും. കാട്‌പാടി, ജോളാര്‍പോട്ടൈ, സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.