കടുത്തുരുത്തി: ശബരിമല തീര്‍ത്ഥാടകരും ആയിരക്കണക്കിന് ഭക്തജനങ്ങളും ഉപയോഗിക്കുന്ന കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലേക്ക് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും കടന്നുവരുന്ന പ്രധാന റോഡും അടിയന്തിര പ്രാധാന്യത്തോടെ റീടാറിംഗ് നടത്തി നവീകരിക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ക്ഷേത്രകമ്മറ്റി ഭാരവാഹികളുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മണ്ഡലകാല ക്രമീകരണങ്ങളും തളിയില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവവും സംബന്ധിച്ച് ഏര്‍പ്പെടുത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങള്‍ക്ക് എം.എല്‍.എ. വിളിച്ചുചേര്‍ത്ത ഒദ്യോഗിക യോഗം രൂപം നല്‍കി.
ശബരിമല ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലെ അന്നദാനമണ്ഡപം തകര്‍ന്നുപോയത് നന്നാക്കാന്‍ ഇതുവരേയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടപടി സ്വീകരിക്കാത്തതിനെ ക്ഷേത്രക്കമ്മറ്റി ബാരവാഹികള്‍ ശക്തമായ നിലയില്‍ കുറ്റപ്പെടുത്തി. ഇക്കാര്യം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി സാധ്യമായ ഇടപെടല്‍ നടത്തുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാവിധ സഹകരണവും തളിയില്‍ ക്ഷേത്രത്തിന് ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സ്മിത യോഗത്തില്‍ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലുണ്ടായ ആശയക്കുഴപ്പങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എം.എല്‍.എ. യുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ വച്ച് പരിഹരിക്കുകയുണ്ടായി. ഇതിന്‍പ്രകാരം കടുത്തുരുത്തി ടൗണില്‍ സിവില്‍ സ്റ്റേഷന് സമീപത്തായിട്ടുള്ള സ്ഥലം സര്‍ക്കാര്‍ നിര്‍ദ്ദേശിത വാഹനങ്ങള്‍ക്കും പഞ്ചായത്തിന്റേയും റവന്യു വകുപ്പിന്റേയും അനുമതി ലഭിച്ചിട്ടുള്ളവര്‍ക്കും മാത്രമേ ഇക്കാര്യം ഉപയോഗിക്കാന്‍ കഴിയൂവെന്ന് യോഗം തീരുമാനിച്ചു.
പോലീസിന്റെ സേവനം കൂടുതലായി ലഭ്യമാക്കാന്‍ 5 പോലീസുകാരെ കൂടുതലായി നിയമിച്ചതായി കടുത്തുരുത്തി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി.എസ്. യോഗത്തില്‍ അറിയിച്ചു.
കടുത്തുരുത്തി ടൗണില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ റോഡിലൂടെ തളിയില്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തേക്ക് വരുന്നതിന് വില്ലേജ് ഓഫീസ് റോഡ് ഉപയോഗിക്കുന്നതിനു തീരുമാനിച്ചു.
കടുത്തുരുത്തി തളിയില്‍ ക്ഷേത്രം റോഡില്‍ കാലാവധി കഴിഞ്ഞ വിവിധ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഈ ഭാഗത്തുനിന്നും ഒഴിവാക്കാന്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ മിനിസിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നതാണ്. സിവില്‍ സ്റ്റേഷനുസമീപത്തായി സജ്ജമാക്കുന്ന സ്ഥലത്ത് ശബരിമല തീര്‍ത്ഥാടകരുടേയും ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങളുടേയും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കുവാനും തീരുമാനമെടുത്തു.
മെയിന്‍ റോഡില്‍ നിന്ന് തളിയില്‍ ക്ഷേത്രത്തിലേക്കുള്ള വാഹനക്രമീകരണം വണ്‍വേ ആയി ക്രമീകരിക്കാന്‍ തീരുമാനിച്ചു. റോഡ് ടാറിംഗ് ഭക്തജനങ്ങള്‍ച്ചും വാഹനഗതാഗതത്തിനും തടസ്സമില്ലാത്ത രീതിയില്‍ നടത്തുന്നതാണ്. എന്‍.എസ്.എസ്. കരയോഗം ഭാഗത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ ഫോറസ്റ്റ് വകുപ്പിന്റെ അനുമതിയോടെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതാണ്.
സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് തളിയില്‍ ക്ഷേത്രത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്യുമ്പോള്‍ ഇരുവശത്തും വെള്ളം കുത്തി ഒഴുകി ഉണ്ടായിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കാന്‍ ടൈല്‍ വിരിക്കുകയോ കോണ്‍ക്രീറ്റിംഗ് നടപ്പാക്കുകയോ ചെയ്യുന്ന പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. പി.ഡബ്ല്യു.ഡി.ക്ക് നിര്‍ദ്ദേശം നല്‍കി.
വൈദ്യുതി വിതരണ തടസ്സമില്ലാതെ നിര്‍വ്വഹിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. പള്ളിവേട്ടയും ആറാട്ടും നടക്കുന്ന ഡിസംബര്‍ 26, 27 തീയതികളില്‍ കെ.എസ്.ഇ.ബി.യുടെ സ്‌പെഷ്യല്‍ ടീം മേല്‍നോട്ടം വഹിക്കുന്നതാണ്.
ഉത്സവം പ്രമാണിച്ച് കടുത്തുരുത്തി ടൗണിലും സമീപപ്രദേശങ്ങളിലും തിങ്കള്‍, വ്യാഴം ഉള്‍പ്പെടെ ആഴ്ചയില്‍ എല്ലാ ദിവസവും കുടിവെള്ള വിതരണം നടത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക് തളിയില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നടക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ആരോഗ്യവകുപ്പ് ഒരു വീല്‍ചെയര്‍ അനുവദിക്കാനും തീരുമാനിച്ചു.
കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജീവപ്രകാശ് ശ്രീഗീതം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സ്മിത, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ രശ്മി വിനോദ്, നോബി മുണ്ടയ്ക്കല്‍, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് രഞ്ജു ബാലന്‍ (പി.ഡബ്ല്യു.ഡി. എ.എക്‌സ്.ഇ. റോഡ് വിഭാഗം), മഞ്ജു വേലായുധന്‍ (എ.ഇ. കെ.ഡബ്ല്യു.എ. കടുത്തുരുത്തി), കെ.എസ്.ഇ.ബി. അസ്സിസ്റ്റന്റ് എഞ്ചിനീയര്‍, രഞ്ജു രമേശ് ഹെഡ് ക്ലാര്‍ക്ക് ഇറിഗേഷന്‍ കടുത്തുരുത്തി, ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ ജയന്‍ ബി. കുരീക്കല്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറി, സി.കെ. ശശി, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, മോഹന്‍ദാസ് കൈമള്‍, എം.വി. രവി തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം റോഡ് നവീകരണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.
