ശബരിമല : മകരവിളക്ക് ദിനത്തില്‍ അടക്കം ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് മുന്നില്‍ക്കണ്ട് പില്‍ഗ്രിം സെൻററുകളിലേത് അടക്കമുള്ള മുറികള്‍ മറിച്ചു വില്‍ക്കുന്ന മാഫിയയുടെ പ്രവര്‍ത്തനം ശക്തമാകുന്നു.മുറികള്‍ക്കും വിരിപ്പന്തുകള്‍ക്കും അടക്കം ആവശ്യക്കാര്‍ ഏറിയതോടെ വൻ ലാഭം കൊയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ആവശ്യപ്പെടുന്ന തുക നല്‍കി മുറിയെടുക്കുവാൻ തയ്യാറുള്ള ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരം മാഫിയ മുൻകൂട്ടി ബുക്ക് ചെയ്ത മുറികള്‍ കഴിഞ്ഞ മകരവിളക്ക് ദിനത്തിലും തലേദിവസവുമായി ഒന്നു മുതല്‍ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മുറികളെ കൂടാതെ കെട്ടിടങ്ങളുടെ ഇടനാഴിയിലും കെട്ടിടത്തിന്റെ മേല്‍ത്തട്ടിലും വിരി വയ്ക്കുന്നതിന് സ്ഥലം നല്‍കിയും ഇക്കൂട്ടര്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നുണ്ട്.ഇത്തരം മാഫിയകളില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ലഭിക്കുന്ന വിവരം. ഈ മണ്ഡലപൂജ കാലയളവില്‍ അമിത വാടക ഈടാക്കി മുറികള്‍ മറിച്ചു നല്‍കുന്നത് സംബന്ധിച്ച പരാതികളെ തുടര്‍ന്ന് ദേവസ്വം വിജിലൻസ് പില്‍ഗ്രീം സെന്ററുകളില്‍ അടക്കം പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനുശേഷം ഏതാനും ആഴ്ചകളായി നിര്‍ജീവമായിരുന്ന മാഫിയകളാണ് മകരവിളക്ക് അടുത്തതോടെ വീണ്ടും സജീവമായിരിക്കുന്നത്.